സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായി 16.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അബ്‍ദുള്ള അബൂബക്കർ ബാങ്കോക്കില്‍ സ്വർണമണിഞ്ഞത്

ബാങ്കോക്: ഏഷ്യന്‍ അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്‍ദുള്ള അബൂബക്കറിന് ട്രിപ്പിള്‍ ജംപില്‍ സ്വർണം. സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായി 16.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അബ്‍ദുള്ള അബൂബക്കർ ബാങ്കോക്കില്‍ സ്വർണമണിഞ്ഞത്. മഴ പെയ്തിറങ്ങിയ പോരാട്ടത്തില്‍ നാലാമത്തെ ശ്രമത്തിലാണ് ഈ ദൂരം മലയാളി താരം താണ്ടിയത്. ജപ്പാന്‍റെ ഹികാരു ഇകേഹതാ 16.73 മീറ്ററുമായി വെള്ളിയും കൊറിയയുടെ കിം ജാങ്വൂ 16.59 മീറ്റർ ചാടി വെങ്കലവും കരസ്ഥമാക്കി. സ്വർണ നേട്ടത്തില്‍ സന്തോഷമെന്ന് അബ്‍ദുള്ള അബൂബക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഏഷ്യന്‍ ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം ലക്ഷ്യമിടുന്നതായും മലയാളി താരം പറഞ്ഞു. 

കഴിഞ്ഞ വർഷം ബെർമിംഗ്ഹാമിലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17.02 മീറ്റർ ദൂരവുമായി വെള്ളി കണ്ടെത്തിയ താരമാണ് അബ്‍ദുള്ള അബൂബക്കർ. 

ഏഷ്യന്‍ അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റർ ഹർഡില്‍സില്‍ ഇന്ത്യക്കായി ജ്യോതി യരാജ് സ്വർണം നേടി. 12.82 സെക്കന്‍ഡുകള്‍ എന്ന തന്‍റെ ദേശീയ റെക്കോർഡിന് അടുത്തെത്തിയില്ലെങ്കിലും മഴയില്‍ കുതിർന്ന ട്രാക്കില്‍ 13.09 സെക്കന്‍ഡില്‍ സ്വർണം ഓടിയെടുക്കുകയായിരുന്നു ജ്യോതി. 13.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജപ്പാന്‍റെ അസുക തെരാഡയ്ക്കാണ് വെള്ളി. ഏഷ്യന്‍ അത്‍ലറ്റിക്സ് മീറ്റില്‍ 23കാരിയായ ജ്യോതിയുടെ ആദ്യ സ്വർണമാണിത്. ജപ്പാന്‍റെ തന്നെ മസൂമി 13.26 സെക്കന്‍ഡുമായി വെങ്കലം പേരിലാക്കി. 

അതേസമയം പുരുഷന്‍മാരുടെ 1500 മീറ്ററില്‍ മുന്‍ ചാമ്പ്യനായ അജയ് കുമാർ സരോജ് ബാങ്കോക്കിലും സ്വർണം ചൂടി. 2017ല്‍ സ്വർണം നേടിയ അജയ് കഴിഞ്ഞ തവണ ദോഹയില്‍ വെള്ളികൊണ്ട് മടങ്ങിയിരുന്നു. എന്നാല്‍ 3:41.51 മിനുറ്റ് സമയം കൊണ്ട് ബാങ്കോക് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം തിരിച്ചുപിടിക്കുകയായിരുന്നു ഇന്ത്യന്‍ താരം. ജപ്പാന്‍റെ യസൂകെ തകാഹഷി 3:42.04 മിനുറ്റില്‍ ഓടി വെള്ളിയും ചൈനയുടെ ലിയു 3:42.30 മിനുറ്റുമായി വെങ്കലവും നേടി. നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ജിന്‍‌സണ്‍ ജോണ്‍സണ് 11-ാമതേ ഫിനിഷ് ചെയ്യാനായുള്ളൂ. 

അബ്‍ദുള്ള അബൂബക്കറിന്‍റെ പ്രതികരണം കാണാം

ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി മലയാളി| Abdullah Aboobakkar

Read more: 'സഞ്ജു ബോയി' ടോപ് ഗിയറില്‍; അരങ്ങേറ്റ ഫിഫ്റ്റിയുമായി യശസ്വി ജയ്സ്വാള്‍