സമീപകാലത്ത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് അറിയിച്ച് ഞെട്ടിച്ച വെറ്ററന്‍ താരമാണ് അജിങ്ക്യ രഹാനെ
ഡൊമിനിക്ക: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇറങ്ങാനൊരുങ്ങുകയാണ്. കരുത്തരല്ല വിന്‍ഡീസ് എങ്കിലും എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ബ്രയാന്‍ ലാറയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ഇറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് എന്തെങ്കിലുമൊക്കെ അത്ഭുതം ഇന്ത്യക്കെതിരെ കാത്തുവച്ചിട്ടുണ്ടാകാം. ചേതേശ്വര്‍ പൂജാര ഒഴികെയുള്ള എല്ലാ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളുമുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരയാണ് വിന്‍ഡീസില്‍ എത്തിയിരിക്കുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ശുഭ്‌മാന്‍ ഗില്ലും ഒക്കെയുണ്ടെങ്കിലും വിന്‍ഡീസില്‍ ഇന്ത്യയുടെ വിധി തീരുമാനിക്കുക മറ്റൊരു ബാറ്ററായേക്കും.
സമീപകാലത്ത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് അറിയിച്ച് ഞെട്ടിച്ച വെറ്ററന്‍ അജിങ്ക്യ രഹാനെയാണ് ആ താരം. വെസ്റ്റ് ഇന്‍ഡീസില്‍ അവര്‍ക്കെതിരെ ടെസ്റ്റില്‍ 102.80 ബാറ്റിംഗ് ശരാശരിയുണ്ട് രഹാനെയ്‌ക്ക്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ മറ്റാര്‍ക്കും ഇത്രയേറെ ശരാശരിയില്ല എന്നതാണ് യാഥാര്‍ഥ്യം. വിദേശ പിച്ചുകളില്‍ എന്നും ടീം ഇന്ത്യക്കായി മിന്നും പ്രകടനം പുറത്തെടുത്തിട്ടുള്ള വിശ്വസ്‌ത ബാറ്റര്‍മാരില്‍ ഒരാളാണ് രഹാനെ എന്ന കണക്കുകള്‍ അരക്കിട്ടുറപ്പിക്കുന്നതാണിത്. അതിനാല്‍ രഹാനെയുടെ പ്രകടനം ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‌ക്ക് ഏറെ നിര്‍ണായകമാകും. വിന്‍ഡീസില്‍ മുമ്പ് കളിച്ച് മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള മുന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗും ഇക്കുറി ശ്രദ്ധാകേന്ദ്രമാണ്.
നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങിയ അജിങ്ക്യ രഹാനെയ്‌ക്ക് വിന്‍ഡീസ് പര്യടനത്തില്‍ വൈസ് ക്യാപ്റ്റന്‍സി ബിസിസിഐ തിരികെ നല്‍കിയിട്ടുണ്ട്. 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര കളിച്ച ശേഷം രഹാനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി 11 ഇന്നിംഗ്‌സില്‍ 57.63 ശരാശരിയില്‍ 634 റണ്‍സും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 14 കളിയില്‍ 172.49 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 326 റണ്‍സും നേടിയാണ് രഹാനെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. ഓവലില്‍ നടന്ന ഓസീസിനെതിരായ ലോക ടെസ്റ്റ് ഫൈനലില്‍ ആദ്യ ഇന്നിംഗ്‌സില്‍ 129 പന്തില്‍ 89 ഉം രണ്ടാം ഇന്നിംഗ്‌സില്‍ 108 ബോളില്‍ 46 ഉം റണ്‍സ് രഹാനെ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
