മത്സരം തുടങ്ങാന്‍ ഇനിയും ഏറെ സമയം വേണ്ടിവരും എന്നാണ് ഇവിടെ നിന്നുള്ള കാലാവസ്ഥാ റിപ്പോര്‍ട്ട്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ജയവും പരമ്പര തൂത്തുവാരാനും ലക്ഷ്യമിടുന്ന ടീം ഇന്ത്യക്ക് ആശങ്കയായി ട്രിനിഡാഡില്‍ കനത്ത മഴ. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ മഴ കാരണം അഞ്ചാം ദിനം ഇതുവരെ മത്സരം പുനരാരംഭിക്കാനായിട്ടില്ല. മത്സരം തുടങ്ങാന്‍ ഇനിയും ഏറെ സമയം വേണ്ടിവരും എന്നാണ് ഇവിടെ നിന്നുള്ള കാലാവസ്ഥാ റിപ്പോര്‍ട്ട്. ഡൊമിനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 141 റണ്‍സിനും വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് സമനിലയായാലും പരമ്പര ഇന്ത്യക്ക് സ്വന്തമാകും. 

രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനമായ ഇന്ന് ജയിക്കാന്‍ 8 വിക്കറ്റാണ് രോഹിത് ശര്‍മ്മയും സംഘവും വീഴ്‌ത്തേണ്ടത്. അതേസമയം എട്ട് വിക്കറ്റ് കയ്യിലിരിക്കേ അവസാന ദിനം 289 റണ്‍സ് എന്ന വന്‍ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നിലുള്ളത്. സമനിലയ്‌ക്കായി ആഞ്ഞ് പരിശ്രമിക്കാന്‍ സാധ്യതയുള്ള വിന്‍ഡീസിന് അനുകൂലമായ കാലാവസ്ഥയാണ് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഉള്‍ത്തിരിയുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ 365 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് രണ്ട് വിക്കറ്റിന് 76 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കളിയവസാനിപ്പിച്ചത്. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍(24*), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്(20*) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ക്രൈഗ് ബ്രാത്ത്‌വെയ്റ്റ്(52 പന്തില്‍ 28), കിര്‍ക് മക്കെന്‍സീ(4 പന്തില്‍ 0) എന്നിവരാണ് പുറത്തായ വിന്‍ഡീസ് ബാറ്റര്‍മാര്‍. രണ്ട് വിക്കറ്റും പിഴുതത് സ്‌പിന്നര്‍ ആര്‍ അശ്വിനായിരുന്നു. 

നേരത്തെ, ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ വിരാട് കോലി(121), രോഹിത് ശര്‍മ്മ(80), രവീന്ദ്ര ജഡേജ(61), യശസ്വി ജയ്‌സ്വാള്‍(57), ആര്‍ അശ്വിന്‍(56) എന്നിവരുടെ കരുത്തില്‍ 438 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റ് നേടിയ പേസര്‍ മുഹമ്മദ് സിറാജ് 255 റണ്‍സില്‍ ഒതുക്കി. ഇതോടെ 189 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം ബാറ്റ് വീശി 24 ഓവറില്‍ രണ്ട് വിക്കറ്റിന് 181 റണ്‍സ് അക്കൗണ്ടിലാക്കി 365 റണ്‍സെന്ന വിജയലക്ഷ്യം കരീബിയന്‍ ടീമിന് മുന്നിലേക്ക് വച്ചുനീട്ടുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെയും(44 പന്തില്‍ 57) വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷന്‍റേയും(34 പന്തില്‍ 52*) അതിവേഗ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്‍റെ ഹൈലറ്റ്. യശ്വസി ജയ്സ്വാൾ 38 റണ്‍സെടുത്തപ്പോൾ ശുഭ്‌മാൻ ഗിൽ 29* റണ്‍സുമായി പുറത്താകാതെ നിന്നു. 

Read more: 'രണ്ടാം ടെസ്റ്റിലും ഇന്ത്യ ജയിക്കും, വിന്‍ഡീസിനെ അശ്വിന്‍ കറക്കിയിടും'; കാരണം പറഞ്ഞ് സിറാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം