മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ അജിങ്ക്യ രഹാനെ ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്‍ 2023ലേയും മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരികയായിരുന്നു
ട്രിനിഡാഡ്: രോഹിത് ശര്‍മ്മയ്‌ക്ക് ശേഷം അജിങ്ക്യ രഹാനെയ്‌ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനാകും എന്ന് വസീം ജാഫര്‍. എന്നാല്‍ ഇതിനായി രഹാനെ ബാറ്റിംഗില്‍ സ്ഥിരത കാണിക്കേണ്ടതുണ്ട് എന്നും ജാഫര്‍ വ്യക്തമാക്കി. 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെ ഇന്ത്യ തുടങ്ങിയപ്പോള്‍ ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തീകരിക്കാന്‍ മുപ്പത്തിയാറുകാരനായ ക്യാപ്റ്റന്‍ രോഹിത്തിനാകുമോ എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. അതേസമയം 35 വയസുണ്ട് രഹാനെയ്‌ക്ക്.
'അജിങ്ക്യ രഹാനെ തന്‍റെ കളിയില്‍ സ്ഥിരത കാണിക്കണം. 84 ടെസ്റ്റ് കളിച്ചിട്ടും സ്ഥിരത രഹാനെയ്‌ക്ക് പ്രശ്‌നമാണ്. രോഹിത് ശര്‍മ്മയ്‌ക്ക് ശേഷം ക്യാപ്റ്റാനാവാനുള്ള അവസരം മുന്നിലുള്ളതിനാല്‍ രഹാനെ റണ്‍സ് കണ്ടെത്തിയേ മതിയാകൂ. രഹാനെ റണ്‍സ് കണ്ടെത്തിയാല്‍ ബാക്കിയെല്ലാം കൂടെ പോന്നോളും. 36 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം ഓസീസ് പരമ്പരയില്‍ രഹാനെയുടെ ഫോം മികച്ചതായിരുന്നു. ടീമിനെ നയിച്ച രീതിയും മെല്‍ബണിലെ സെഞ്ചുറിയും തുടര്‍ന്നിരുന്നെങ്കിലും അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകാമായിരുന്നു രഹാനെയ്‌ക്ക്. എന്നാല്‍ അദേഹം ഫോം നഷ്‌ടപ്പെടുത്തുകയും ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഇതിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഫോം കണ്ടെത്തിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിച്ച രഹാനെയെ മടങ്ങിവരവില്‍ സെലക്‌ടര്‍മാര്‍ വൈസ് ക്യാപ്റ്റനാക്കി. രഹാനെയില്‍ മികച്ചൊരു നായകനെ സെലക്ടമാര്‍ കാണുന്നുണ്ട്. ടെസ്റ്റില്‍ പ്രായം അവശേഷിക്കുന്നുണ്ട് എങ്കിലും രഹാനെ റണ്‍സ് കണ്ടെത്തിയേ മതിയാകൂ. റണ്‍സില്ലേല്‍ രഹാനെയ്‌ക്ക് കാര്യങ്ങള്‍ പ്രയാസമാകും' എന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ അജിങ്ക്യ രഹാനെ ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്‍ 2023ലേയും മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരികയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരെ കളിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്ന രഹാനെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ടോപ് സ്കോററായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സിലും പൊരുതി തന്‍റെ തിരിച്ചുവരവ് ശരിയെന്ന് തെളിയിച്ചു. എന്നാല്‍ ഇതിന് ശേഷം വന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ വന്‍ പരാജയമായി താരം. ഇതുവരെ 3, 8 എന്നിങ്ങനെയാണ് രഹാനെയുടെ സ്കോറുകള്‍.
Read more: 'ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് വീണ്ടും പുറത്തേക്ക് അജിങ്ക്യ രഹാനെ'; തുറന്നുപറഞ്ഞ് മുന്‍ താരം
