ബ്രാണ്ടന്‍ കിംഗും കെയ്‌ല്‍ മെയേഴ്‌സും കരുതലോടെ തുടങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 38 റണ്‍സിലെത്തി

ഗയാന: തോറ്റാല്‍ പരമ്പര നഷ്‌ടമാകുന്ന മൂന്നാം ട്വന്‍റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടീം ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ 5 വിക്കറ്റിന് 159 റണ്‍സ് നേടുകയായിരുന്നു. 42 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗാണ് ആതിഥേയരുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും അക്‌സര്‍ പട്ടേലും മുകേഷ് കുമാറും ഓരോ വിക്കറ്റും വീഴ്‌ത്തി. അവസാന ഓവറുകളില്‍ നായകന്‍ റോവ്‌മാന്‍ പവല്‍ നടത്തിയ വെടിക്കെട്ടാണ് വിന്‍ഡീസിനെ കാത്തത്. 

ബ്രാണ്ടന്‍ കിംഗും കെയ്‌ല്‍ മെയേഴ്‌സും കരുതലോടെ തുടങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 38 റണ്‍സിലെത്തി. തൊട്ടടുത്ത ഓവറില്‍ കുല്‍ദീപ് യാദവിനെതിരെ 12 റണ്‍സുമായി ഇരുവരും ടീമിനെ 50ലെത്തിച്ചു. എട്ടാം ഓവറിലെ നാലാം പന്തില്‍ മെയേഴ്‌സിനെ(20 പന്തില്‍ 25) മടക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേ‌ക്ക്‌ത്രൂ നല്‍കി. അര്‍ഷ്‌ദീപ് സിംഗിനായിരുന്നു ക്യാച്ച്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ 73-1. ഇതിന് ശേഷം ജോണ്‍സണ്‍ ചാള്‍സ്(14 പന്തില്‍ 12), നിക്കോളാസ് പുരാന്‍(12 പന്തില്‍ 20), ബ്രാണ്ടന്‍ കിംഗ്(42 പന്തില്‍ 42) എന്നിവരെ മടക്കി കുല്‍ദീപ് യാദവ് മടങ്ങിവരവ് ആഘോഷിച്ചു. അപകടകാരിയായ പുരാനെ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. 

ഷിമ്രോന്‍ ഹെറ്റ്‌‌മെയര്‍ ഒരിക്കല്‍ കൂടി ബാറ്റിംഗ് പരാജയമായി. 8 പന്തില്‍ 9 റണ്‍സെടുത്ത താരത്തെ മുകേഷ് കുമാര്‍ പുറത്താക്കുകയായിരുന്നു. ഹെറ്റ്‌മെയര്‍ പുറത്താകുമ്പോള്‍ വിന്‍ഡീസിന് 17.1 ഓവറില്‍ 125 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അര്‍ഷ്‌ദീപിനെ നായകന്‍ റോവ്‌മാന്‍ പവല്‍ പറത്തിയതോടെ സ്കോര്‍ 20 ഓവറില്‍ 159-5 എന്ന നിലയിലെത്തുകയായിരുന്നു. റോവ്‌മാന്‍ പവല്‍ 19 പന്തില്‍ 40* ഉം, റൊമാരിയോ ഷെഫേര്‍ഡ് 5 പന്തില്‍ 2* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

മൂന്നാം ടി20യില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്‌മാന്‍ പവല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ജേസന്‍ ഹോള്‍ഡറിന് പകരം റോസ്‌ടന്‍ ചേസ് വിന്‍ഡീസ് പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്‌സ്വാള്‍ ട്വന്‍റി 20 അരങ്ങേറ്റം കുറിച്ചു. രവി ബിഷ്‌ണോയിക്ക് പകരം കുല്‍ദീപ് യാദവ് ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് മറ്റൊരു മാറ്റം. അഞ്ച് മത്സര ട്വന്‍റി 20 പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് കൂടി പരാജയപ്പെട്ടാല്‍ ടി20 പരമ്പര നഷ്‌ടമാകും.

Read more: ആനമണ്ടത്തരം! ഇന്ത്യ- വിന്‍ഡീസ് മൂന്നാം ട്വന്‍റി 20 തുടങ്ങാന്‍ വൈകി, കാരണം വിചിത്രം; ട്രോളി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം