വലിയ ആശങ്കയെന്ന് ആര്‍ പി സിംഗ്, താരം തിരിച്ചെത്തുമെന്ന് അഭിനവ് മുകുന്ദ്, ചര്‍ച്ചയായി യുവ ബാറ്ററുടെ ഫോമില്ലായ്‌മ
ഫ്ലോറിഡ: കഴിഞ്ഞ വര്‍ഷത്തെ സ്വപ്ന ഫോം ഐപിഎല്‍ പതിനാറാം സീസണ്‍ വരെ തുടര്‍ന്നെങ്കിലും അതുകഴിഞ്ഞ് റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റുകളിലും ഗില്ലിന്‍റെ നിലവിലെ അവസ്ഥ ഇങ്ങനെയാണ്. ഐപിഎല്‍ 2023 സീസണില്‍ 17 കളികളില്‍ 890 റണ്‍സുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ശുഭ്‌മാന്‍ ഗില്‍ അതിന് ശേഷം കളിച്ച മൂന്ന് ടെസ്റ്റില്‍ നിന്ന് 76 ഉം മൂന്ന് ഏകദിനങ്ങളില്‍ 126 റണ്‍സും മൂന്ന് ട്വന്‍റി 20കളില്‍ ആകെ 16 റണ്‍സുമേ നേടിയുള്ളൂ. ഐപിഎല്ലിന് ശേഷമുള്ള ഗില്ലിന്‍റെ ഫോമില്ലായ്‌മ ഇന്ത്യക്ക് വലിയ തലവേദനയാണ് എന്ന് സൂചിപ്പിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍ പി സിംഗ്.
'ഇന്ത്യന്‍ ടീം ശുഭ്‌മാന്‍ ഗില്ലിന്‍റെ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ട്. കുറച്ചുകാലമായി അദേഹം വലിയ റണ്‍സ് കണ്ടെത്തിയിട്ട്. കുറച്ച് അവസരങ്ങളില്‍ ഇടംകൈയന്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ അദേഹത്തിന്‍റെ പ്രകടനം മോശമാണ്. വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകള്‍ വെല്ലുവിളിയാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ എല്ലാത്തരം പിച്ചിലും കളിക്കാന്‍ കഴിയണം. ഇന്ത്യന്‍ പിച്ചുകളെ പോലെയായിരിക്കില്ല എല്ലാ പിച്ചുകളും. ശുഭ്‌മാന്‍ ഗില്ലിനെ ഭാവി ഓപ്പണറായി ഇന്ത്യന്‍ ടീം ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്' എന്നും ആര്‍ പി സിംഗ് ജിയോ സിനിമയില്‍ പറഞ്ഞു.
അതേസമയം മറ്റൊരു ഇന്ത്യന്‍ മുന്‍ താരം അഭിനവ് മുകുന്ദ്, ഗില്ലിനെ പിന്തുണച്ച് രംഗത്തെത്തി. 'ഇന്ത്യന്‍ ടീം ഈ പരമ്പരയിലെ (വെസ്റ്റ് ഇന്‍ഡീസിനെതിരെ) ഗില്ലിന്‍റെ ഫോമിനെ കുറിച്ച് കുറച്ച് ആശങ്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഗില്ലൊരു മികച്ച ബാറ്ററാണ്. അതിനാല്‍ ഈ പ്രശ്‌നം അദേഹം പരിഹരിക്കും എന്നാണ് വിശ്വാസം. അധികം പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ചിട്ട് വമ്പന്‍ ഷോട്ടിന് ശ്രമിക്കുന്നത് ഗില്ലിന് തിരിച്ചടിയാവുന്നു എന്നാണ് മനസിലാക്കുന്നത്. എങ്കിലും വലിയ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. വലിയ സ്കോറുകള്‍ നേടാന്‍ കഴിയുന്ന താരമാണ് എന്ന് ഗില്‍ ഐപിഎല്ലില്‍ തെളിയിച്ചതാണ്. സീനിയര്‍ ഓപ്പണറായ രോഹിത് ശര്‍മ്മ കൂട്ടിനുള്ളത് ഗില്ലിന് ഗുണം ചെയ്യും. സമയമെടുത്ത് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്' എന്നും അഭിനവ് മുകുന്ദ് പറഞ്ഞു. നിലവില്‍ വിന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ശുഭ്‌മാന്‍ ഗില്‍.
Read more: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്; സഞ്ജു സാംസണ് മുന്നില്‍ പ്രതീക്ഷയുടെ മറ്റൊരു വഴി!
