ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ ടീം ഇന്ത്യയുടെ നാലാം നമ്പര്‍ താരവും കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറുമാണ്
ബെംഗളൂരു: ഏഷ്യാ കപ്പിനുംഏകദിന ലോകകപ്പിനും മുമ്പ് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന് മുന്നില്‍ മറ്റൊരു വഴി തെളിയുന്നു. ഏഷ്യാ കപ്പില്‍ കളിക്കാനായില്ലെങ്കില്‍ മധ്യനിര ബാറ്റര്‍മാരായ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിന ലോകകപ്പ് കളിക്കാനുള്ള സാധ്യത വിരളമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ സഞ്ജുവും സെലക്ഷന്‍ പരിഗണനയ്‌ക്ക് വരും. പരിക്കിന് പിന്നാലെ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തുവരുന്ന ഇരു താരങ്ങളും ഇതുവരെ കായിക പരീക്ഷ വിജയിച്ചിട്ടില്ല.
ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ ടീം ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്ററും കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറും അഞ്ചാം നമ്പര്‍ ബാറ്ററുമാണ്. എന്നാല്‍ പരിക്ക് കാരണം നാളുകളായി ഇരുവര്‍ക്കും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനായിട്ടില്ല. ഏഷ്യാ കപ്പ് ആവുമ്പോഴേക്ക് ഇരുവരും ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. രാഹുല്‍ ഏഷ്യാ കപ്പില്‍ കളിക്കാന്‍ സാധ്യതയേറെയാണ് എങ്കിലും അയ്യരുടെ കാര്യത്തിലെ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ഉറപ്പിച്ചിരിക്കേയാണ് പരിക്ക് പാരയായത്. ഇരുവരും ഏഷ്യാ കപ്പ് കളിക്കുമെന്ന പ്രതീക്ഷ നായകന്‍ രോഹിത് ശര്‍മ്മ പങ്കുവെക്കുന്നുണ്ടെങ്കിലും താരങ്ങളുടെ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
ശ്രേയസ് അയ്യര്‍ക്കും കെ എല്‍ രാഹുലിനും ഏഷ്യാ കപ്പില്‍ ഇറങ്ങാന്‍ കഴിയാതെ വന്നാല്‍ ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിക്കുക പ്രയാസമാകും. ഏഷ്യാ കപ്പ് ടീമിലെത്തണമെങ്കില്‍ അതിന് മുമ്പ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ രാഹുലും ശ്രേയസ് പരിശീലന മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. നാല്, അഞ്ച് നമ്പറുകളില്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നീ താരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള സാധ്യത മുന്നിലുണ്ടെങ്കിലും ഇരുവരുടേയും സമീപകാല റെക്കോര്‍ഡ് ആശങ്കയാണ്. ഏകദിന ഫോര്‍മാറ്റില്‍ നാലാം നമ്പറില്‍ ഇതുവരെ ക്ലച്ച് പിടിക്കാന്‍ സ്കൈക്കായിട്ടില്ല. സഞ്ജുവാകട്ടെ സ്ഥിരതയില്ലായ്‌മയുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുന്നു.
കെ എല്‍ രാഹുലിന് ഏഷ്യാ കപ്പ് നഷ്‌ടമായാല്‍ ഇഷാന്‍ കിഷനായിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍ എന്നുറപ്പാണ്. വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ ഹാട്രിക് ഫിഫ്റ്റി കിഷന്‍ നേടിയിരുന്നു. നാലാം നമ്പര്‍ ബാറ്ററായി ഇടംപിടിക്കാന്‍ സൂര്യയും സഞ്ജുവും തമ്മില്‍ കടുത്ത മത്സരം വരാനാണ് സാധ്യത. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവല്ലാതെ മറ്റ് പേരുകള്‍ വരുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.
