എച്ച്സിഎ അംഗമായ സതീഷ് ചന്ദ്ര ശ്രീവാസ്തവ, മകൻ ആകർഷിത് ശ്രീവാസ്തവ, അവിനാഷ് ദാരാക്, മോഹിത് സോമാനി എന്നിവരാണ് അറസ്റ്റിലായത്.
ഹൈദരാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് നാലാം ടി20 മത്സരത്തിനുള്ള സൗജന്യ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വൻ തുകയ്ക്ക് മറിച്ചുവിറ്റ കേസിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ(എച്ച്സിഎ) ഭാരവാഹിയും മകനുമടക്കം നാല് പേർ അറസ്റ്റിലായി. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി "NOT FOR SALE" എന്ന് രേഖപ്പെടുത്തിയ 11 പാസുകൾ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. എച്ച്സിഎ അംഗമായ സതീഷ് ചന്ദ്ര ശ്രീവാസ്തവ, മകൻ ആകർഷിത് ശ്രീവാസ്തവ, അവിനാഷ് ദാരാക്, മോഹിത് സോമാനി എന്നിവരാണ് അറസ്റ്റിലായത്. ബെഗം ബസാറിലെ എസ്ഡി മാളിന് സമീപം അനധികൃതമായി ടിക്കറ്റ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോഷാമഹൽ പോലീസാണ് പരിശോധന നടത്തിയത്.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി. ജനാർദ്ദൻ നായിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിനാഷ്, മോഹിത് എന്നിവരെയാണ് ആദ്യം പിടികൂടിയത്. ചോദ്യം ചെയ്യലിൽ, എച്ച്സിഎ അംഗമായ പിതാവ് വഴി കൈക്കലാക്കിയ പാസുകൾ ആകർഷിത് തങ്ങൾക്ക് നൽകിയതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പരസ്യം നൽകിയാണ് ഇവർ ടിക്കറ്റുകൾ മറിച്ചുവിറ്റത്. പവലിയന്റെ തരം അനുസരിച്ച് 3,500 രൂപ മുതൽ 6,000 രൂപ വരെയാണ് ഒരു പാസിന് ഈടാക്കിയിരുന്നത്. പ്രതികളിൽ നിന്ന് ക്രിക്കറ്റ് പാസുകൾക്ക് പുറമെ നവരാത്രി ദാണ്ടിയ ആഘോഷത്തിന്റെ 8 പാസുകളും, 5,000 രൂപയും, മൊബൈൽ ഫോണുകളും ഒരു സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.
ഇതിനോടകം ഒമ്പതോളം സൗജന്യ പാസുകൾ ഇവർ വിറ്റഴിച്ചതായാണ് പോലീസ് കണ്ടെത്തൽ. സതീഷ് ചന്ദ്രയ്ക്ക് എത്ര പാസുകൾ എച്ച്സിഎയിൽ നിന്ന് ലഭിച്ചിരുന്നുവെന്നതിൽ വ്യക്തത വരുത്താൻ പോലീസ് അസോസിയേഷന് കത്തയക്കും. അറസ്റ്റിലായ നാല് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 112(1), 318(2) വകുപ്പുകൾ പ്രകാരവും സിറ്റി പോലീസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാത്രം മത്സര ടിക്കറ്റുകൾ വാങ്ങണമെന്നും വിൽപനയ്ക്കല്ലെന്ന് രേഖപ്പെടുത്തിയ പാസുകൾ വാങ്ങുന്നതും വിൽക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും പോലീസ് ആരാധകർക്ക് മുന്നറിയിപ്പ് നൽകി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1 ന് മുന്നിലാണ്. ഹൈദരാബാദിൽ ജയം പിടിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
