ഏഷ്യാ കപ്പിന്‍റെ മത്സരക്രമം ഇന്നലെ വെള്ളിയാഴ്ച പുറത്തുവരും എന്നാണ് കരുതിയിരുന്നത്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ മത്സരക്രമം പ്രഖ്യാപിക്കുന്നത് വൈകും. കൂടുതല്‍ മത്സരങ്ങളും വരുമാനവും പാകിസ്ഥാന് വേണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്(പിസിബി) വാശിപിടിക്കുന്നതാണ് മത്സരക്രമം വൈകാന്‍ കാരണം എന്നാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. ഡർബനില്‍ വച്ച് നടന്ന ഐസിസി വാർഷിക യോഗത്തില്‍ ഏഷ്യാ കപ്പ് സംബന്ധിച്ച് പിസിബിയും ബിസിസിഐയും ഏകദേശ ധാരണയിലെത്തിയെങ്കിലും ഞായറാഴ്ച ദുബായില്‍ വച്ച് സാക്ക അഷ്റഫും ജയ് ഷായും തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തും എന്നാണ് പുതിയ റിപ്പോർട്ട്. 

ഏഷ്യാ കപ്പിന്‍റെ മത്സരക്രമം ഇന്നലെ വെള്ളിയാഴ്ച പുറത്തുവരും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവസാന നിമിഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് ബലംപിടിച്ചതോടെ പ്രഖ്യാപനം വൈകി. യുഎഇയില്‍ വച്ച് നടന്ന കഴിഞ്ഞ ഏഷ്യാ കപ്പില്‍ ബിസിസിഐക്ക് ലഭിച്ച അതേ തുക പിസിബിക്ക് വേണം എന്നാണ് പാകിസ്ഥാന്‍റെ പുതിയ ആവശ്യം. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റെ പുതിയ ഭരണ സമിതി ഹൈബ്രിഡ് മോഡലിനെ നേരത്തെ ശരിവെച്ചിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍ വച്ച് നടക്കുന്ന മത്സരങ്ങളുടെ കൂടുതല്‍ വിഹിതം വേണമെന്നാണ് ഇപ്പോള്‍ പിബിസിയുടെ വാദം. ഇതോടെ ദുബായില്‍ വച്ച് ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടക്കുന്ന എസിസി യോഗത്തില്‍ മാത്രമേ മത്സരക്രമം സംബന്ധിച്ച് അന്തിമ തീരുമാനമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. 

എന്തുകൊണ്ട് പുതിയ ആവശ്യം

പാകിസ്ഥാനാണ് ഏഷ്യാ കപ്പിന്‍റെ ആതിഥേയരെങ്കിലും നാല് മത്സരങ്ങള്‍ മാത്രമേ പാകിസ്ഥാനില്‍ വച്ച് നടക്കുന്നുള്ളൂ. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന് തീരുമാനിച്ചതോടെ അവശേഷിക്കുന്ന മത്സരങ്ങള്‍ ലങ്കയില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രണ്ടും ഫൈനലും അടക്കം 9 മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയാവും. ഇവയില്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ക്കാണ് കൂടുതല്‍ വരുമാനമുണ്ടാവുക എന്നതിനാലാണ് മത്സരത്തില്‍ നിന്നുള്ള കൂടുതല്‍ വിഹിതം വേണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് ഇപ്പോള്‍ വാദിക്കുന്നത്. ലങ്കയില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മത്സരങ്ങള്‍ പാകിസ്ഥാനിലേക്ക് മാറ്റണം എന്ന ആവശ്യവും പിസിബിക്കുണ്ട്. 

Read more: ഏഷ്യന്‍ ഗെയിംസിനുമില്ല, അവസാനിച്ചോ ശിഖർ ധവാന്‍ യുഗം? ഇല്ല! മുന്നില്‍ ഒരു സുവർണാവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം