എട്ട് റണ്‍സ് മാത്രമെടുത്ത താരം ഒരു ബൗണ്‍സറിലാണ് പുറത്താകുന്നത്. മധ്യനിരയില്‍ കോലിയെ ആവശ്യമുള്ളപ്പോഴാണ് അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞത്.

അഹമ്മദാബ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ (IND vs WI) ആദ്യ ഏകദിനത്തില്‍ മോശം പ്രകടനമായിരുന്നു വിരാട് കോലിയുടേത് (Virat Kohli). എട്ട് റണ്‍സ് മാത്രമെടുത്ത താരം ഒരു ബൗണ്‍സറിലാണ് പുറത്താകുന്നത്. മധ്യനിരയില്‍ കോലിയെ ആവശ്യമുള്ളപ്പോഴാണ് അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Shrma) കോലിയും ഒരേ ഓവറിലാണ് മടങ്ങിയത്. കോലിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. 

ഇത്തരം കെണിയില്‍ കോലി വീഴരുതെന്നായിരുന്നു ഗവാസ്‌കറുടെ ഉപദേശം. ''ബൗണ്‍സറുകള്‍ ഒഴിവാക്കാന്‍ കോലി ശ്രമിക്കുന്നുപോലുമില്ല. ഹുക്ക് ഷോട്ട് കളിക്കാനാണ് കോലി ശ്രമിക്കുന്നത്. ഈ സമീപനം ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും ഈ തരത്തില്‍ പുറത്താവേണ്ടി വരും. പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിലും കോലി സൂക്ഷിക്കുന്നത് നന്നായിരിക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും അവര്‍ കോലിക്കെതിരെ നിരന്തരം ബൗണ്‍സറുകള്‍ എറിഞ്ഞിരുന്നു. 

കോലി പുള്‍ ഷോട്ടുകള്‍ ഒഴിവാക്കില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഷോര്‍ട്ട് ബോളുകളില്‍ ഹുക്ക് ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. എന്നാല്‍ ബാറ്റര്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ പ്രയാസമുള്ള പന്തുകളാണത്. ഇത്തരം ഷോട്ടുകള്‍ എങ്ങനെ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ല. കോലി പ്രതീക്ഷിച്ചതു പോലെ ഹുക്ക് ഷോട്ട് കളിക്കാനായില്ല. പന്ത് ഒരല്‍പ്പം കൂടുതല്‍ ബൗണ്‍സ് ചെയ്തിരുന്നു. അതുകൊണ്ടാണ് പന്ത് എഡ്ജ് ചെയ്ത് ക്യാച്ചില്‍ അവസാനിച്ചത്.'' ഗവാസ്‌കര്‍ വ്യക്തമാക്കി.

കോലി നിറം മങ്ങിയെങ്കിലും അതു മത്സരത്തില്‍ ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. ആറു വിക്കറ്റിന്റെ അനായാസ വിജയം ഇന്ത്യ ഈ മത്സരത്തില്‍ നേടിയെടുക്കുകയായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു.