മൈസൂര്‍: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 417 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ (92), കരുണ്‍ നായര്‍ (78), വൃദ്ധിമാന്‍ സാഹ (60), ശിവം ദ്യുബെ (68), ജലജ് സക്‌സേന (പുറത്താവാതെ (48) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മൂന്നിന് 233 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെ കരുണാണ് ആദ്യം മടങ്ങിയത്. എന്നാല്‍ സാഹ, ദ്യുബെ എന്നിവരുടെ അര്‍ധ സെഞ്ചുറി ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. കേരള താരം സക്‌സേനയുടെ ഇന്നിങ്‌സും നിര്‍ണായകമായി. അഭിമന്യൂ ഈശ്വരന്‍ (5), പ്രിയങ്ക് പാഞ്ചല്‍ (6), കുല്‍ദീപ് യാദവ് (2), ഷഹബാസ് നദീം (11), ഉമേഷ് യാദവ് (24), മുഹമ്മദ് സിറാജ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

വിയാന്‍ മള്‍ഡര്‍, ഡെയ്ന്‍ പിയറ്റ് എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സീനിയര്‍ ടീം അംഗങ്ങളായ വെര്‍നോന്‍ ഫിലാന്‍ഡര്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ക്ക് ഓരോ വിക്കറ്റാണ് നേടാനായത്. മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റണ്‍സെടുത്ത പീറ്റര്‍ മലാന്റെ വിക്കറ്റാണ് നഷ്ടമായത്. സിറാജിനാണ് വിക്കറ്റ്. എയ്ഡന്‍ മാര്‍ക്രം (14), ഡി ബ്രൂയ്ന്‍ (0) എന്നിവരാണ് ക്രീസില്‍.