ജോഷ് ഫിലിപ്പ് (58), സാം കോൺസ്റ്റാസ് (67) എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറികളുടെ കരുത്തിലാണ് ഓസ്ട്രേലിയ എ 49.5 ഓവറിൽ 275 റൺസെടുത്തത്.
പുതുച്ചേരി: ഓസ്ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എയ്‌ക്ക് 69 റൺസിന്‍റെ തോൽവി. പുതുച്ചേരിയിൽ നടന്ന മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഓസ്ട്രേലിയ സ്വന്തമാക്കി. ഓസീസ് ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 45.2 ഓവറിൽ 206 റൺസിന് ഓൾഔട്ടായി.
ജോഷ് ഫിലിപ്പ് (58), സാം കോൺസ്റ്റാസ് (67) എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറികളുടെ കരുത്തിലാണ് ഓസ്ട്രേലിയ എ 49.5 ഓവറിൽ 275 റൺസെടുത്തത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 101 റൺസാണ് ഓസീസ് ഇന്നിംഗ്സിന് അടിത്തറയിട്ടത്. ഇന്ത്യക്ക് വേണ്ടി അർഷാദ് ഖാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്‌ക്ക് സീനിയർ താരങ്ങളുടെ മോശം പ്രകടനം തിരിച്ചടിയായി. ദേവ്ദത്ത് പടിക്കൽ (1), നായകൻ റുതുരാജ് ഗെയ്ക്‌വാദ് (12), സായ് സുദർശൻ (13) എന്നിവർ തുടക്കത്തിലേ പുറത്തായതോടെ ഇന്ത്യ 30 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
രജത് പാട്ടിദാർ (81പന്തിൽ 67) നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് പിന്തുണ നൽകാൻ മറ്റ് ബാറ്റർമാർ ഉണ്ടായിരുന്നില്ല. രജത് പാട്ടിദാറും നിഷാന്ത് സിന്ധുവും ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 51 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ട്. വാലറ്റത്ത് വിപ്രജ് നിഗമുും(16 പന്തില്‍ 23), അനുകൂല്‍ റോയിയും(34) നടത്തിയ ചെറുത്തുനില്‍പാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്. ഓസ്ട്രേലിയക്ക് വേണ്ടി സ്പെൻസർ ജോൺസൺ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച പുതുച്ചേരിയില്‍ നടക്കും.
