ഇന്നലെ 74 റണ്‍സെടുത്ത് നില്‍ക്കെ പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട രാഹുല്‍ ഇന്ന് മാനസ് സുതാറിനെ ടോഡ് മര്‍ഫി പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തി.

ലക്നൗ: ഓസ്ട്രേലിയ എക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. 412 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ഒടുവില്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെന്ന നിലയിലാണ്. 103 റണ്‍സോടെ ഓപ്പണര്‍ കെ എല്‍ രാഹുലും 98 റണ്‍സുമായി സായ് സുദര്‍ശനും ക്രീസില്‍. അഞ്ച് റണ്‍സെടുത്ത മാനവ് സുതാറിന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്.

ഇന്നലെ 74 റണ്‍സെടുത്ത് നില്‍ക്കെ പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട രാഹുല്‍ ഇന്ന് മാനവ് സുതാറിനെ ടോഡ് മര്‍ഫി പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തി. 135 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഫോം തെളിയിക്കുകയും ചെയ്തു. 12 ബൗണ്ടറികള്‍ അടങ്ങുന്നതാണ് രാഹുലിന്‍റെ ഇന്നിംഗ്സ്. രാഹുലിന്‍റെ കരിയറിലെ 22-മത്തെ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. ഇന്നലെ 44 റണ്‍സുമായി ക്രീസലുണ്ടായിരുന്ന സായ് സുദര്‍ശനും രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയായി. 165 പന്തില്‍ 98 റണ്‍സെടുത്ത സായ് സുദര്‍ശന്‍ ഒമ്പത് ഫോറും ഒരു സിക്സും പറത്തി.

ഏഴ് വിക്കറ്റും രണ്ട് സെഷനും ബാക്കിയിരിക്കെ ഓസ്ട്രേലിയ എക്കെതിരെ അനൗദ്യോഗിക ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്കിനി 151 റണ്‍സ് കൂടി മതി. നേരത്തെ മൂന്നാം ദിനം എന്‍ ജഗദീശനും കെ എല്‍ രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 85 റണ്‍സടിച്ച് ഇന്ത്യക്ക് നല്ല തുടക്കം നല്‍കിയിരുന്നു. 35 റണ്‍സെടുത്ത ജഗദീശന്‍ പുറത്തായശേഷം ക്രീസിലെത്തിയ സായ് സുദര്‍ശന്‍ രണ്ടാം വിക്കറ്റില്‍ കെ എല്‍ രാഹുലുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുന്നതിനിടെയാണ് രാഹുല്‍ പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായത്.

പിന്നീടെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന് പക്ഷെ തിളങ്ങാനായില്ല. എട്ട് പന്തില്‍ അഞ്ച് റൺസെടുത്ത പടിക്കലിനെയും ടോഡ് മര്‍ഫിയാണ് മടക്കിയത്. പടിക്കലിന് പകരം ക്രീസിലെത്തിയ മാനവ് സുതാറിന്‍റെ വിക്കറ്റ് നാലാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായി. പരമ്പരയിലെ ആദ്യ മത്സരം സമനിലയായതിനാല്‍ ഈ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക