വിശാഖപട്ടണം: നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമില്‍ കളിക്കുന്ന ഋഷഭ് പന്തിനെ മാറ്റിയതൊഴിച്ചാല്‍ പറയത്തക്ക മാറ്റങ്ങളൊന്നും ഇന്ത്യന്‍ ടീമിലില്ല. വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുക. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റ് കുപ്പായത്തില്‍ ഓപ്പണറായി അരങ്ങേറും. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മോശം ഫോമാണ് പന്തിന്റെ പുറത്താകലിന് വഴിവച്ചത്. മോശം ഷോട്ടുകളിലൂടെ പുറത്താകുന്ന രീതി പന്തിന് വിനയായി. മാത്രമല്ല ഇന്ത്യയിലെ കുത്തിത്തിരിയുന്ന പിച്ചുകളില്‍ മികച്ച വിക്കറ്റ് കീപ്പറെ വേണമെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. ഇതോടെ സാഹയ്ക്ക് നറുക്ക് വീഴുകയായിരുന്നു. നേരത്തെ ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ് പന്തിന് ഒരവരം നല്‍കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ താല്‍പര്യം സാഹയെ കളിപ്പിക്കാനായിരുന്നു.

രണ്ട് വീതം സ്പിന്നര്‍മാരും പേസര്‍മാരും അടങ്ങുന്നതാണ് ഇന്ത്യയുടെ ടീം. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ എന്നിവരാണ് പേസര്‍മാര്‍. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ വകുപ്പിലുണ്ട്. വേണ്ടിവന്നാല്‍ ഹനുമ വിഹാരിയേയും ഉപയോഗിക്കാം. 

ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ.