Asianet News MalayalamAsianet News Malayalam

ആധികാരികം ഇന്ത്യ! അഞ്ചാം ടി20യിലും ഓസീസിന് തോറ്റു; ലോകകപ്പ് ഫൈനല്‍ തോല്‍വി മറക്കാം, ആശ്വാസമായി പരമ്പര ജയം

മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഏഴ് ഓവറുകള്‍ക്കിടെ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ട്രാവിസ് ഹെഡ് (28), ജോഷ് ഫിലിലെ (4), ആരോണ്‍ ഹാര്‍ഡി (6) എ്‌നിവരാണ് മടങ്ങിയത്.

india beat australia in last t20 at chinnaswamy full match report
Author
First Published Dec 3, 2023, 10:34 PM IST

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യിലും ഇന്ത്യക്ക് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ (53) ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. അക്‌സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ബെന്‍ മക്‌ഡെമോര്‍ട്ടാണ് (54) ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗിന്റെ അവസാന ഓവര്‍ വിജയത്തില്‍ നിര്‍ണായകമായി. പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഏഴ് ഓവറുകള്‍ക്കിടെ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ട്രാവിസ് ഹെഡ് (28), ജോഷ് ഫിലിലെ (4), ആരോണ്‍ ഹാര്‍ഡി (6) എ്‌നിവരാണ് മടങ്ങിയത്. പിന്നീട് ബെന്‍ - ടിം ഡേവിഡ് (17) സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയതോടെ ഓസീസ് അഞ്ചിന് 116 എന്ന നിലയിലായി. മാത്യൂ ഷോര്‍ട്ട് (16), ബെന്‍ ഡാര്‍ഷിസ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മുകേഷ് കുമാര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി.  വെയ്ഡ് (22) - നതാന്‍ എല്ലിസ് (4) സഖ്യം ഓസീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറില്‍ വെയ്ഡിനെ അര്‍ഷ്ദീപ് മടക്കിയതോടെ ഓസീസ് തോല്‍വി സമ്മതിച്ചു. അവസാ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് പിറന്നത്. ബെഹ്രന്‍ഡോര്‍ഫ് (2) എല്ലിസിനൊപ്പം പുറത്താവാതെ നിന്നു. 

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (21), റുതുരാജ് ഗെയ്കവാദ് (10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നാലാമനായി എത്തിയ സൂര്യകുമാര്‍ യാദവിനും (5) തിളങ്ങാനായില്ല. ഫിനിഷര്‍ റിങ്കു സിംഗും (6) വേഗത്തില്‍ മടങ്ങി. ഇതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലായി. പിന്നീട് ജിതേഷ് ശര്‍മ (24) - ശ്രേയസ് സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജിതേഷിനെ പുറത്താക്കി ആരോണ്‍ ഹാര്‍ഡി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. 

എങ്കിലും അക്‌സര്‍ - ശ്രേയസ് സഖ്യം ഇന്ത്യയെ മാന്യമായി സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു. 19-ാം ഓവറില്‍ അക്‌സറും അവസാന ഓവറില്‍ ശ്രേയസും മടങ്ങി. 37 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. രവി ബിഷ്‌ണോയ് (2) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു. 

എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ബെന്‍ ഡാര്‍ഷ്വിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ദീപക് ചാഹറിന് പകരം അര്‍ഷ്ദീപ് സിംഗ് തിരിച്ചെത്തി. ഓസ്‌ട്രേലിയ ക്രിസ് ഗ്രീനിന് പകരം നതാന്‍ എല്ലിസിനേയും ഉള്‍പ്പെടുത്തി.

ഒന്നാമെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് ബ്ലാസ്‌റ്റേഴ്‌സ്! എഫ്‌സി ഗോവയ്‌ക്കെതിരെ കൊമ്പന്മാര്‍ക്ക് തോല്‍വി

Latest Videos
Follow Us:
Download App:
  • android
  • ios