തുടര്‍ച്ചയായ രണ്ടാം ദിനവും ബംഗ്ലാദേശ് താരങ്ങളോട് കയര്‍ത്ത് കോലി വിവാദത്തിലാവുകയായിരുന്നു
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിയും ബംഗ്ലാ ഫീല്‍ഡര്‍മാരും തമ്മില്‍ ഉരസിയത് വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ബംഗ്ലാദേശ് താരങ്ങളോട് കയര്‍ത്ത് കോലി വിവാദത്തിലാവുകയായിരുന്നു. ഇതിനോട് തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടെസ്റ്റിലെ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ധാക്കയില്‍ കണ്ടത് എന്നാണ് ഗാവസ്‌കര്‍ വിലയിരുത്തുന്നത്.
'ആദ്യ ടെസ്റ്റില്‍ ചിലതൊക്കെ സംഭവിച്ചിരുന്നു. ചെവിക്ക് പുറകില്‍ കൈവെച്ച് മുഹമ്മദ് സിറാജിനോട് ലിറ്റണ്‍ ദാസ് എന്തോ പറഞ്ഞിരുന്നു. രണ്ട് പന്തിന് ശേഷം ലിറ്റണിന്‍റെ വിക്കറ്റ് സിറാജ് നേടി. ഞാനവിടെയുണ്ടായിരുന്നില്ല ആ സമയം. പക്ഷേ ഈ സംഭവത്തെ കുറിച്ച് വായിച്ചു. വിക്കറ്റ് നേടിയതിന് പിന്നാലെ കോലിയും സിറാജും ചെവിക്ക് പിന്നില്‍ കൈവെച്ച് ലിറ്റണെ കളിയാക്കി. ബംഗ്ലാദേശിന്‍റെ മുന്‍നിര ബാറ്റര്‍മാരില്‍ ഒരാളാണ് ലിറ്റണ്‍. അതിനാല്‍ തന്നെ അയാളുടെ വിക്കറ്റ് ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിച്ചു. വിരാട് കോലി ലോകത്തെ മികച്ച ബാറ്ററാണെന്ന് നമുക്കറിയാം. അതിനാൽ അദ്ദേഹത്തിന്റെ വിക്കറ്റ് നേടിയത് അവരും ആഘോഷിച്ചു. ആദ്യ ടെസ്റ്റിൽ അദ്ദേഹം ചെയ്‌തത് എളുപ്പത്തിൽ മറക്കാനാവില്ല' എന്നും ഗാവസ്‌കര്‍ പറഞ്ഞു.
ധാക്ക ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിൽ 22 പന്തിൽ ഒരു റൺസെടുത്ത് കോലി പുറത്തായതിന് പിന്നാലെയായിരുന്നു സംഭവം. മെഹ്ദി ഹസന്‍ മിര്‍സക്കായിരുന്നു വിക്കറ്റ്. പുറത്തായതിന്‍റെ നിരാശയിൽ നില്‍ക്കുന്നതിനിടെ തൈജുല്‍ ഇസ്‌ലാമിന്‍റെ ആഘോഷമാണ് കോലിയെ ചൊടിപ്പിച്ചത്. ഉടന്‍ തന്നെ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനും അമ്പയർമാരും ഇടപെട്ടു. തൈജുലിനുനേരെ നോക്കി പരുഷമായ വാക്കുകൾ പറഞ്ഞാണ് കോലി മടങ്ങിയത്. നേരത്തേ ബംഗ്ലാദേശ് താരങ്ങൾ സമയം പാഴാക്കിയപ്പോഴും കോലി ചൂടുള്ള വാക്കുകളുമായി എത്തിയിരുന്നു.
പുറത്തായപ്പോൾ കളിയാക്കിയതിന് ബംഗ്ലാ താരത്തോട് കലിപ്പ്, മൂന്ന് ക്യാച്ച് മിസ്; കിങ് കോലിക്ക് കലികാലം
