Asianet News Malayalam

അക്‌സറിന് അഞ്ച് വിക്കറ്റ്, അശ്വിന്‍റെ സിംഹഗര്‍ജ്ജനം; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം

നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള സാധ്യത നിലനിര്‍ത്തി. 

India beat England in 2nd Test on Axar Patel and Ravichandran Ashwin brilliance
Author
Chennai, First Published Feb 16, 2021, 12:37 PM IST
  • Facebook
  • Twitter
  • Whatsapp

ചെന്നൈ: ചെപ്പോക്കിലെ പിച്ചില്‍ ഇംഗ്ലണ്ടിനെ പിച്ചിച്ചീന്തി രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം. രണ്ടാം ഇന്നിംഗ്സില്‍ 482 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം സ്‌പിന്‍ കെണിയില്‍ 164 റണ്‍സില്‍ വീണു. അരങ്ങേറ്റക്കാരന്‍ അക്‌സര്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിന്‍റെ മൂന്ന് വിക്കറ്റും കുല്‍ദീപിന്‍റെ രണ്ടുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഇന്ത്യ-329 & 286, ഇംഗ്ലണ്ട്-134 & 164. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള സാധ്യത നിലനിര്‍ത്തി. അഞ്ച് വിക്കറ്റ് നേട്ടമടക്കം എട്ട് വിക്കറ്റും സെഞ്ചുറിയും നേടിയ അശ്വിനാണ് കളിയിലെ താരം. 

അക്‌സറിന് അരങ്ങേറ്റത്തില്‍ അഞ്ച്

സ്‌പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും അക്‌സര്‍ പട്ടേലും വട്ടംകറക്കിയപ്പോള്‍ മൂന്നാം ദിനം അവസാന സെഷനിലെ വിക്കറ്റ് ചോര്‍ച്ച നാലാം ദിനം തുടരുകയായിരുന്നു ഇംഗ്ലണ്ട്. റോറി ബേണ്‍സ്(25), ഡൊമനിക് സിബ്ലി(3), നൈറ്റ് വാച്ച്മാനായി എത്തിയ ജാക്ക് ലീച്ച്(0) എന്നിവരെ മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ സന്ദര്‍ശകര്‍ക്ക് ആദ്യ സെഷനില്‍ തന്നെ നാല് വിക്കറ്റ് കൂടി നഷ്ടമായി. 

അശ്വിനെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാന്‍ ശ്രമിച്ച ഡാനിയേല്‍ ലോറന്‍സിനെ (26) റിഷഭ് പന്ത് സ്റ്റംപ് ചെയ്തപ്പോള്‍ സ്റ്റോക്‌സിനെ (8) ലെഗ് സ്‌ലിപ്പില്‍ കോലി പിടിച്ച് പുറത്താക്കി. അക്‌സറിനെതിരെ അലക്ഷ്യ ഷോട്ട് കളിച്ച് ഓലി പോപ് (12) ഇശാന്തിന്‍റെ ക്യാച്ചില്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ പ്രതിരോധിച്ച് കളിച്ച വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ (2) ഇക്കുറി കാലുറയ്‌പ്പിക്കാന്‍ കുല്‍ദീപ് യാദവ് അനുവദിച്ചില്ല. നീണ്ട കാത്തിരിപ്പിനൊടുവില്‍ ബൗള്‍ ചെയ്യാന്‍ ലഭിച്ച അവസരം മുതലാക്കുകയായിരുന്നു കുല്‍ദീപ്. 

റൂട്ട് പിടികിട്ടിയത് റൂട്ടിന് മാത്രം

ഇതോടെ 48.3 ഓവറില്‍ 116/7 എന്ന സ്‌കോറില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. മൂന്ന് വിക്കറ്റ് കയ്യിലിരിക്കേ 366 റണ്‍സ് ഇംഗ്ലണ്ടിന് വിജയലക്ഷ്യം. ഇടവേള കഴിഞ്ഞെത്തിയ ആദ്യ ഓവറില്‍ തന്നെ റൂട്ടിനെ (92 പന്തില്‍ 33) അക്‌സര്‍ സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. ഒല്ലീ സ്റ്റോണിനെ (0) പുറത്താക്കി അക്‌സര്‍ അഞ്ച് വിക്കറ്റ് തികച്ചു. കുല്‍ദീപിന്‍റെ പന്തില്‍ അലിയെ (18 പന്തില്‍ 43) റിഷഭ് സ്റ്റംപ് ചെയ്തതോടെ ഇംഗ്ലണ്ട് 164ല്‍ പുറത്താവുകയായിരുന്നു. 60 റണ്‍സ് വിട്ടുകൊടുത്താണ് അക്‌സറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം. 

നേരത്തെ 195 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ 85.5 ഓവറില്‍ 286 റണ്‍സില്‍ ഓള്‍ഔട്ടായി. സ്‌പിന്നര്‍മാരായ മൊയീന്‍ അലിയും ജാക്ക് ലീച്ചും വട്ടംകറക്കിയപ്പോള്‍ ഒരുവേള 106/6 എന്ന സ്‌കോറില്‍ പതറിയിരുന്നു ഇന്ത്യ. ശുഭ്‌മാന്‍ ഗില്‍ (14), ചേതേശ്വര്‍ പൂജാര (7), രോഹിത് ശര്‍മ്മ (26), റിഷഭ് പന്ത് (8), അജിങ്ക്യ രഹാനെ (10), അക്‌സര്‍ പട്ടേല്‍ (7) എന്നിവര്‍ അടിവേഗം കൂടാരം കയറി. 

ചെന്നൈയില്‍ കോലിയെ വെല്ലുന്നൊരു കിംഗ്!

എന്നാല്‍ ഏഴാം വിക്കറ്റില്‍ വിരാട് കോലിയുടേയും രവിചന്ദ്ര അശ്വിന്‍റേയും സ്വപ്‌നതുല്യ പ്രകടനം ചെപ്പോക്കില്‍ കണ്ടു. കോലി കരുതലോടെ കളിച്ചപ്പോള്‍ അതിവേഗമായിരുന്നു അശ്വിന്‍റെ ബാറ്റിംഗ്. കോലി 107 പന്തിലും അശ്വിന്‍ 64 പന്തിലും അമ്പത് തികച്ചതോടെ ഇന്ത്യ ലീഡുയര്‍ത്തി. കോലിയെ എല്‍ബിയില്‍ കുടുക്കി മൊയീന്‍ അലി കൂട്ടുകെട്ട് പൊളിക്കുമ്പോള്‍ ഇരുവരും 96 റണ്‍സ് ചേര്‍ത്തിരുന്നു. കോലി 149 പന്തില്‍ 62 റണ്‍സ് നേടി. കുല്‍ദീപ് യാദവ് (3), ഇശാന്ത് ശര്‍മ്മ (7) എന്നിവരും കാര്യമായി ഒന്നും ചെയ്തില്ല.

അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജ് എത്തിയതോടെ അശ്വിന്‍ വീണ്ടും ടോപ് ഗിയറിലായി. 134 പന്തില്‍ അഞ്ചാം ടെസ്റ്റ് സെഞ്ചുറി. പിന്നാലെ സിറാജും സിക്‌സറുകളുമായി കളംനിറഞ്ഞത് ചെപ്പോക്കിലെ കാണികള്‍ക്കും ഇന്ത്യന്‍ ക്യാമ്പിനും ആഘോഷമായി. വ്യക്തിഗത സ്‌കോര്‍ 106ല്‍ നില്‍ക്കേ അശ്വിനെ ഒല്ലി സ്റ്റോണ്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് 286ല്‍ അവസാനിച്ചു. സിറാജ് 21 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. പത്താം വിക്കറ്റില്‍ ഇരുവരും 49 റണ്‍സ് ചേര്‍ത്തു. അലിയും ലീച്ചും നാല് വീതം വിക്കറ്റ് നേടി. 

നെഞ്ച് കലക്കി അശ്വിന്‍റെ അഞ്ച്, ഫോമായത് ഫോക്‌സ്

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 329നെതിരെ സന്ദര്‍ശകര്‍ 134ന് പുറത്തായി. ഇന്ത്യന്‍ സ്‌പിന്‍ കെണിയില്‍ കറങ്ങി വീഴുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റും ഇന്ത്യന്‍ സ്‌പിന്നര്‍മാരുടെ സംഭാവനയാണ്. അവശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ പേസര്‍മാരായ ഇശാന്ത് ശര്‍മ്മയും മുഹമ്മദ് സിറാജും പങ്കിട്ടെടുത്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് പുറത്താകാതെ 107 പന്തില്‍ 42 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ബെന്‍ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

പരമ്പരയില്‍ രണ്ടാം തവണ അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഡൊമിനിക് സിബ്ലി (16), ഡാനിയേല്‍ ലോറന്‍സ് (9), ബെന്‍ സ്‌റ്റോക്‌സ് (18), ഒല്ലീ സ്‌റ്റോണ്‍ (1), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവര്‍ അശ്വിന് മുന്നില്‍ വീണു. ജോ റൂട്ടിനെ (6) പുറത്താക്കി അക്‌സര്‍ പട്ടേല്‍ അരങ്ങേറ്റം ഉശാറാക്കിയപ്പോള്‍ മൊയീന്‍ അലിയുടെ (6) വിക്കറ്റും പിന്നാലെ തേടിയെത്തി. റോറി ബേണ്‍സ് (0), ജാക്ക് ലീച്ച് (5) എന്നിവരെ ഇശാന്ത് മടക്കിയെങ്കില്‍ സിറാജ് ഒല്ലീ പോപിന്‍റെ (22) വിക്കറ്റാണ് പേരിലാക്കിയത്. 

രോഹിത് ഹിറ്റ്, രഹാനെ ക്ലാസ്, പന്ത് പഞ്ച്  

ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ (231 പന്തില്‍ 161) ഇന്നിംഗ്‌സാണ് ചെപ്പോക്കില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 329 റണ്‍സ് സമ്മാനിച്ചത്. 86 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ ഇന്ത്യക്കായി നാലാം വിക്കറ്റില്‍ 162 റണ്‍സ് രോഹിത്-രഹാനെ സഖ്യം ചേര്‍ത്തു. രഹാനെ (149 പന്തില്‍ 67) റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ (0), ചേതേശ്വര്‍ പൂജാര (21), വിരാട് കോലി (0), ആര്‍ അശ്വിന്‍ (13), അക്‌സര്‍ പട്ടേല്‍ (5), ഇശാന്ത് ശര്‍മ്മ (0), കുല്‍ദീപ് യാദവ് (0), മുഹമ്മദ് സിറാജ് (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. 

ആറിന് 300 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ 29 റണ്‍സിനിടെ നഷ്ടമായത് തിരിച്ചടിയായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിന്റെ അര്‍ധ സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. 77 പന്തില്‍ പുറത്താവാതെ 58 റണ്‍സ് നേടിയ പന്ത് മൂന്ന് സിക്‌സും ഏഴ് ഫോറും പറത്തി. ആദ്യ ടെസ്റ്റില്‍ പന്ത് 88 പന്തില്‍ 91 റണ്‍സ് അടിച്ചിരുന്നു. മൊയീന്‍ അലി ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഒല്ലീ സ്‌റ്റോണ്‍ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റ് നേടി. ജോ റൂട്ടിന് ഒരു വിക്കറ്റുണ്ട്. 

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു; റൂട്ടിനെ ട്രോളി വോണും ഹര്‍ഷ ഭോഗ്‌ലെയും
 


 

Follow Us:
Download App:
  • android
  • ios