121 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ അവസാന ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് ക്രീസിലിറങ്ങിയത്. ജയത്തിലേക്ക് 58 റണ്‍സ് കൂടിയായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി രണ്ട് മത്സര പരമ്പര തൂത്തുവാരി ഇന്ത്യ. 58 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ധ്രുവ് ജുറെല്‍ ആറ് റണ്‍സുമായി രാഹുലിനൊപ്പം വിജയത്തില്‍ കൂട്ടായി. സായ് സുദര്‍ശന്‍റെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്. ക്യാപ്റ്റനായശേഷം ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. സ്കോര്‍ ഇന്ത്യ 518-5, 124-3, വെസ്റ്റ് ഇന്‍ഡീസ് 248, 390.

121 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ അവസാന ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് ക്രീസിലിറങ്ങിയത്. ജയത്തിലേക്ക് 58 റണ്‍സ് കൂടിയായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. സ്കോര്‍ 88ല്‍ നില്‍ക്കെ സായ് സുദര്‍ശനെ റോസ്റ്റണ്‍ ചേസിന്‍റെ പന്തില്‍ ഷായ് ഹോപ്പ് സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഒരു ഫോറും ഒരു സിക്സും അടിച്ച് തുടങ്ങിയെങ്കിലും 15 പന്തില്‍ 13 റണ്‍സെടുത്ത് ജസ്റ്റിന്‍ ഗ്രീവ്സിന്‍റെ പന്തില്‍ റോസ്റ്റൻ ചേസിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ ധ്രുവ് ജുറെലിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയവര കടത്തി.

Scroll to load tweet…

പൊരുതി വിന്‍ഡീസ്

ഇന്നലെ രണ്ടിന് 173 എന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം ബാറ്റിംഗിനിറങ്ങിയ വന്‍ഡീസ് ജോണ്‍ കാംബെല്ലിന്‍റെയും ഷായ് ഹോപ്പിന്‍റെയും സെഞ്ചുറികളുടെ കരുത്തിലായിരുന്നു വിന്‍ഡീസ് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയത്. കാംബെല്ലും ഷായ് ഹോപ്പും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 177 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് പുറത്തായത്. ഇരുവരും മടങ്ങിയതോടെ വിന്‍ഡീസ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 271-3ല്‍ നിന്ന് വിന്‍ഡീസ് 311-9ലേക്ക് കൂപ്പുകുത്തി. പിന്നീട് ഗ്രീവ്‌സ് - സീല്‍സ് സഖ്യം പത്താം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്ത് വിന്‍ഡീസിനെ 390ല്‍ എത്തിക്കുകയായിരുന്നു. സീല്‍സിനെ പുറത്താക്കി ബുമ്രയാണ് വിന്‍ഡീസ് ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത്. 50 റണ്‍സുമായി ഗ്രീവ്സ് പുറത്താകാതെ നിന്നപ്പോള്‍ സീല്‍സ് 32 റണ്‍സെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക