ജയത്തോടെ ഒരു റെക്കോര്‍ഡും ഇന്ത്യയുടെ പേരിലായി. ഏകദിനത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. 2008ല്‍ ന്യൂസിലന്‍ഡ് അയര്‍ലന്‍ഡിനെതിരെ 290 റണ്‍സിന്റെ വിജയം നേടിയിരുന്നു.

തിരുവനന്തപുരം: കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യ, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 317 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വിരാട് കോലി (പുറത്താവാതെ 166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 390 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 73 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ഇന്ത്യയെ തകര്‍ത്തത്.

ജയത്തോടെ ഒരു റെക്കോര്‍ഡും ഇന്ത്യയുടെ പേരിലായി. ഏകദിനത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. 2008ല്‍ ന്യൂസിലന്‍ഡ് അയര്‍ലന്‍ഡിനെതിരെ 290 റണ്‍സിന്റെ വിജയം നേടിയിരുന്നു. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയ മൂന്നാമതായി. 2015ല്‍ അഫ്ഗാനിസ്ഥാനെതിരെ ഓസീസ് നേടിയത് 275 റണ്‍സിന്റെ ജയം. ദക്ഷിണാഫ്രിക്ക 2010ല്‍ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 272 റണ്‍സ് വിജയം നാലാമതായി. 2007 ലോകകപ്പില്‍ ഇന്ത്യ, ബെര്‍മുഡയ്‌ക്കെതിരെ നേടിയ 257 റണ്‍സിന്റെ വിജയം അഞ്ചാമതായി.

ഏകദിന കരിയറിലെ 46-ാം സെഞ്ചുറിയാണ് കോലി ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. 110 പന്തുകള്‍ മാത്രം നേരിട്ട താരം 166 റണ്‍സുമായി പുറത്താവാതെ നിന്നു. എട്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ഈ വര്‍ഷം കോലി നേടുന്ന രണ്ടാം ഏകദിന സെഞ്ചുറിയാണിത്. കഴിഞ്ഞ നാല് ഏകദിനത്തിനിടെ മൂന്ന് സെഞ്ചുറികളും കോലി സ്വന്തമാക്കി. ഏകദിനത്തില്‍ 46 സെഞ്ചുറികളുണ്ട് കോലിയുടെ അക്കൗണ്ടില്‍. 

മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം ഗില്ലിന്റെ പേരിലായി. എന്നാല്‍ സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഇന്നത്തെ പ്രകടനത്തോടെ കോലിയുടെ പേരിലുമായി. ഗില്‍ രണ്ടാമതും. 2018 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 63 റണ്‍സാണ് മൂന്നാമത്.

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് സമനില