ബിസിസിഐയുമായുള്ള ഭിന്നതയോ ജോലിയിലെ അതൃപ്തിയോ അല്ല ഈ തീരുമാനത്തിന് പിന്നിലെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് ടെൻ ഡോഷെറ്റെയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര പൂര്‍ത്തിയായ ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സഹപരിശീലക സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് റയാൻ ടെൻ ഡോഷെറ്റെ. മുഖ്യപരിശീലകനായ ഗൗതം ഗംഭീറിന്‍റെ വലം കൈയാണ് ഡോഷെറ്റെ. ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ടി20 പരമ്പരയിലെ തോല്‍വികളെ തുടര്‍ന്ന് ഇന്ത്യൻ ടീം പരിശീലകനായ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡോഷെറ്റെ ബിസിസിഐയെ രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. ഗംഭീറിന്‍റെ കൂടി അനുമതി ലഭിച്ചാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ ഡോഷെറ്റെ സ്ഥാനമൊഴിയുമെന്നാണ് കരുതുന്നത്. ജൂലൈ 19-ന് ലോർഡ്സിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം.

ബിസിസിഐയുമായുള്ള ഭിന്നതയോ ജോലിയിലെ അതൃപ്തിയോ അല്ല ഈ തീരുമാനത്തിന് പിന്നിലെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് ടെൻ ഡോഷെറ്റെയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അതിനാൽ തന്നെ ഇരുപക്ഷവും തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാകും വേർപിരിയുക. ലണ്ടൻ ആസ്ഥാനമായി ജോലി ചെയ്യുന്ന ഭാര്യയെയും വളർന്നു വരുന്ന തന്‍റെ മൂന്ന് ആൺമക്കളെയും പരിചരിക്കാൻ കൂടുതൽ സമയം വേണമെന്നതാണ് മുൻ ഡച്ച് താരം കൂടിയായ ടെൻ ഡോഷെറ്റെയുടെ ആവശ്യം. ഇന്ത്യൻ ടീമിന്‍റെ കോച്ചിംഗ് പദവി വലിയ രീതിയിലുള്ള യാത്രകളും തിരക്കുകളും ആവശ്യപ്പെടുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്ന, അധികം യാത്രകൾ ആവശ്യമില്ലാത്ത മറ്റേതെങ്കിലും പദവിയിലേക്ക് മാറാനാണ് അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നത്.

രണ്ട് വർഷം മുമ്പാണ് ടെൻ ഡോഷെറ്റെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിന്‍റെ ഭാഗമാകുന്നത്. ബിസിസിഐയുമായുള്ള ഡോഷെറ്റെുടെ കരാർ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇന്ത്യൻ ടീം നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന സാഹചര്യത്തിൽ, ലോർഡ്സ് ഏകദിനത്തിന് ശേഷം തന്നെ ഔദ്യോഗികമായി റിലീസ് ചെയ്യണമെന്നാണ് അദ്ദേഹം ബോർഡിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഗംഭീറിന്റെയും ബിസിസിഐയുടെയും ഔദ്യോഗിക പ്രതികരണം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക