റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിംഗ്സ് വിജയം കുറിച്ച് ഇന്ത്യ. 335 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞു. നാലാം ദിനത്തിലും ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ മറുപടിയില്ലാതായ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സിനും 202 റണ്‍സിനുമാണ് തോല്‍വി സമ്മതിച്ചത്. ഇന്നലെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന പരിതാപകരമായ നിലയിലായ ഡുപ്ലസിയും സംഘവും ഇന്ന് ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് പുറത്തായി. 

സ്കോര്‍ ഇന്ത്യ 497/9, ദക്ഷിണാഫ്രിക്ക 162, 133 റണ്‍സിന് പുറത്ത്

ആദ്യ ഇന്നിംഗ്സിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സും. ആദ്യ ആറ് ബാറ്റ്സ്മാന്‍മാരില്‍ രണ്ടക്കം കടന്നത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഡീന്‍ എല്‍ഗാര്‍(16) മാത്രം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡീകോക്കിനെ(5) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത്.

ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററായ സുബൈല്‍ ഹംസയെ(0) ഷമി ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെയും(4), ടെംബാ ബാവുമയെയും(0) ഷമിയും ഹെന്‍റിച്ച് ക്ലാസനെ(5) ഉമേഷയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്ത് ജോര്‍ജ് ലിന്‍ഡെയും(27), ഡെയ്ന്‍ പെഡിറ്റും(23), ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്.

അവസാന രണ്ട് വിക്കറ്റുകള്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച നദീമും വീഴ്ത്തിയതോടെ നാലാം ദിനം വിയര്‍ക്കാതെ തന്നെ കോലിപ്പട വിജയതീരത്തേക്ക് തുഴഞ്ഞു കയറി. ഇന്ത്യക്കായി ഷമി മൂന്നും ഉമേഷ് യാദവും നദീമും രണ്ടും ജഡേജയും അശ്വിനും ഒരോ വിക്കറ്റുമെടുത്തു.

ടോസ് നേടി ബാറ്റിഗ് തെരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശര്‍മയുടെ (212) ഇരട്ട സെഞ്ചുറിയുടെയും അജിങ്ക്യ രഹാനെയുടെ (115) ശതകത്തിന്‍റെയും മികവിലാണ് വന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഹംസയ്ക്ക് (62) ഒഴിച്ച് ബാക്കിയാര്‍ക്കും കൂടുതല്‍ ഒന്നും ചെയ്യാനായില്ല. ഇന്ത്യന്‍ ബൗളര്‍മാരുടെ ശൗര്യത്തിന് മുന്നില്‍ അടിപതറിയ ദക്ഷിണാഫ്രിക്ക 162 റണ്‍സിന് പുറത്താവുകയായിരുന്നു.