അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാവും. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. 

ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനാണ് ഇരു ടീമുകളും ഒരുങ്ങുന്നത്. ഐസിസി റാങ്കിംഗിലെ ആദ്യരണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടുമ്പോള്‍ മൊട്ടേറയില്‍ ക്രിക്കറ്റ് വിരുന്നുറപ്പ്. പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇഞ്ചോടിഞ്ച് മത്സരമാണ്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചത്തുന്നതോടെ രോഹിത് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളിയാവാന്‍ കെ എല്‍ രാഹുലും ശിഖര്‍ ധവാനും മത്സരിക്കും. വിരാട് കോലിക്കൊപ്പം ശ്രേയസ് അയ്യര്‍ മധ്യനിരയില്‍ തുടര്‍ന്നാല്‍ സൂര്യകുമാര്‍ യാദവ് അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടിവരും. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തുടരും. പരിക്ക് മാറിയെത്തിയ ഭുവനേശ്വര്‍ കുമാറിനൊപ്പം ഷര്‍ദുല്‍ താക്കൂറും നവദീപ് സെയ്‌നിയും പേസര്‍മായി ടീമിലെത്തിയേക്കും. ബാക്കിയുള്ള രണ്ട് സ്ഥാനത്തിനായി അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണ് രംഗത്തിനുള്ളത്. 

ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീമില്‍ ഡേവിഡ് മാലന്‍, ജേസണ്‍ റോയ്, ജോസ് ബട്ലര്‍, ജോണി ബെയര്‍‌സ്റ്റോ എന്നിവര്‍ ഏത് ബൗളിംഗ് നിരയെയും തച്ചുടയ്ക്കാന്‍ ശേഷിയുള്ളവര്‍. ഓള്‍റൗണ്ടര്‍മാരായി ബെന്‍ സ്റ്റോക്‌സും മോയിന്‍ അലിയും സാം കറനും. പരിക്കേറ്റ ജോഫ്ര ആര്‍ച്ചര്‍ പുറത്തിരുന്നാല്‍ പകരം മാര്‍ക്‌വുഡ് ടീമിലെത്തും. ഇന്ത്യയും ഇംഗ്ലണ്ടും 14 തവണ ഏറ്റുമുട്ടി. ഇരുടീമിനും ഏഴ് ജയം വീതം. അവസാന അഞ്ച് കളയില്‍ നാലിലും ജയിച്ചത് വിരാട് കോലിക്കും സംഘത്തിനും കരുത്താവും.