ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ കെ എല്‍ രാഹുലും യശസ്വി ജയ്‌സ്വലും പുറത്തായി. 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. കെ എല്‍ രാഹുല്‍ (46), യശസ്വി ജയ്‌സ്വാള്‍ (58) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ക്രിസ് വോക്‌സ്, ലിയാം ഡോസണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. മാഞ്ചസ്റ്ററില്‍ ലഞ്ചിന് ശേഷം മത്സരം പുരോഗമിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 132 എന്ന നിലയിലാണ്. സായ് സുദര്‍ശന്‍ (18), ശുഭ്മാന്‍ ഗില്‍ (7) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങിയത്. പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി. പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ടീമിലെത്തി.

ആദ്യ സെഷനില്‍ ഇന്ത്യക്ക് വിക്കറ്റൊന്നും നഷ്ടമായിരുന്നില്ല. എന്നാല്‍ ലഞ്ചിന് ശേഷം രാഹുല്‍ മടങ്ങി. ജയ്‌സ്വാളിനൊപ്പം 94 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് രാഹുല്‍ മടങ്ങുന്നത്. ക്രിസ് വോക്‌സിന്റെ പന്തില്‍ സ്ലിപ്പില്‍ സാക് ക്രൗളിക്ക് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. അധികം വൈകാതെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ജയ്‌സ്വാളിനെ കൂടുതല്‍ സമയം ക്രീസില്‍ തുടരാന്‍ ഡോസണ്‍ അനുവദിച്ചില്ല. സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

മത്സരത്തിന്റെ തുടക്കത്തില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. ഓള്‍ ട്രാഫോര്‍ഡില്‍ ടോസ് നേടി ബൗളിംഗ് എടുത്ത ടീം ഇതുവരെ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രം. ഇതുവരെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മത്സരങ്ങളില്‍ മൂന്ന് തവണ ടോസ് നേടിയ ടീം തോറ്റപ്പോള്‍ എട്ട് തവണ മത്സരം സമനിലയായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ലിയാം ഡോസണ്‍, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍.

YouTube video player