ഭരത് ചിപ്ലി എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു യുഎഇക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ചിപ്ലി അന്‍ ടാണ്ടനെ ബൗള്‍ഡാക്കിയതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയായി

ഹോങ്കോങ്: ഹോങ്കോങ് സിക്സസില്‍ പാകിസ്ഥാനെ വീഴ്ത്തിയതിന്‍റെ ആവേശം അടങ്ങും മുമ്പെ കുവൈറ്റിനോടും യുഎഇയോടും ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ഇന്ത്യ. പാകിസ്ഥാനെതിരായ മത്സരത്തിനുശേഷം നടന്ന രണ്ടാം മത്സരത്തിൽ കുവൈറ്റിനോട് 27 റണ്‍സിന് തോറ്റ ഇന്ത്യ മൂന്നാം മത്സരത്തില്‍ യുഎഇയോട് നാലു വിക്കറ്റിന് തോറ്റു. യുഎഇക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സടിച്ചങ്കിലും 5.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ യുഎഇ ലക്ഷ്യത്തിലെത്തി.

ഭരത് ചിപ്ലി എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു യുഎഇക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ചിപ്ലി അന്‍ ടാണ്ടനെ ബൗള്‍ഡാക്കിയതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയായി. എന്നാല്‍ ചിപ്ലിയുടെ രണ്ടാം പന്ത് ബൗണ്ടറി കടത്തിയ നിലാന്‍ഷ് കേശ്വാനി മൂന്നാം പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് മുഹമ്മദ് അര്‍ഫാന് കൈമാറി. നാലാം പന്തിലും അഞ്ചാം പന്തിലും ചിപ്ലിയെ സിക്സിന് പറത്തി മുഹമ്മദ് അര്‍ഫാന്‍ യുഎഇക്ക് വിജയം സമ്മാനിച്ചു. 14 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റൻ ഖാലിദ് ഷാ, 11 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ സാഖിര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 4.3 ഓവറില്‍ 83 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കിയിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ 1.4 ഓവറില്‍ 14-3ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും അഭിമന്യു മിഥുന്‍(16 പന്തില്‍ 50), ക്യാപ്റ്റൻ ദിനേശ് കാര്‍ത്തിക്(14 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിലാണ് ആറോവറില്‍ 107 റണ്‍സടിച്ചത്. ഭരത് ചിപ്ലി(4), പ്രിയാങ്ക് പഞ്ചാല്‍(0), സ്റ്റുവര്‍ട്ട് ബിന്നി(0) എന്നിവര്‍ തുടക്കത്തിലെ മടങ്ങിയശേഷമായിരുന്നു അഭിമന്യു മിഥുനും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

നേരത്തെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ രണ്ട് റണ്‍സിന് തോല്‍പിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കുവൈറ്റിനോട് 27 റണ്‍സിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത കുവൈറ്റ് ആറോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 5.4 ഓവറില്‍ 79 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 26 റണ്‍സെടുത്ത അഭിമന്യു മിഥുനും 19 റണ്‍സെടുത്ത ഷഹബാസ് നദീമും 17 റണ്‍സെടുത്ത പ്രിയാങ്ക് പഞ്ചാലും മാത്രമാണ് ഇന്ത്യക്കായി പൊരുതിയത്. ഇന്ന് നേപ്പാളിനെതിരെ ആണ് ഇന്ത്യയുടെ നാലാം മത്സരം.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക