ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 18 ഓവര്‍ പിന്നിടുമ്പോല്‍ മൂന്നിന് 85 എന്ന നിലയിലാണ്. രോഹിത് ശര്‍മ (0), ശിഖര്‍ ധവാന്‍ (21), അമ്പാട്ടി റായുഡു (18) എന്നിവരാണ് പുറത്തായത്.

നാഗപൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 18 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 85 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (0), ശിഖര്‍ ധവാന്‍ (21), അമ്പാട്ടി റായുഡു (18) എന്നിവരാണ് പുറത്തായത്. പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. വിരാട് കോലി (40), വിജയ് ശങ്കര്‍ (1) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. 

ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത്തിനെ നഷ്ടമായി. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിയുയര്‍ന്ന കമ്മിന്‍സിന്റെ പന്ത് ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമം പരാജയപ്പെട്ടു. തേര്‍ഡ് മാനില്‍ ആഡം സാംപ കൈയിലൊതുക്കി. ധവാന്‍ ആവട്ടെ, മാക്‌സ്‌വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. റായുഡുവും ഇതേ രീതിയിലാണ് പുറത്തായത്. ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു റായുഡു. 

നേരത്തെ, ആദ്യ ഏകകിനം കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓസ്‌ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ആഷ്ടണ്‍ ടര്‍ണര്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ പുറത്ത് പോയി. ഷോണ്‍ മാര്‍ഷ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ടീമിലെത്തി. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, അമ്പാട്ടി റായുഡു, എം.എസ്. ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.