പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാണ്. ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ലോകകപ്പിനുശേഷം ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന.

ട്രിനിഡാഡ്: മഴ കളിച്ചതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയത്തോടെ ടെസ്റ്റ് പരമ്പര തൂത്തുവാരാനായില്ലെങ്കിലും രണ്ട് പതിറ്റാണ്ടായി വിന്‍‍ഡീസില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്തി ടീം ഇന്ത്യ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും ഇത് അഭിമാനകരമായ നേട്ടമാണെങ്കിലും ഇരുവര്‍ക്കും കീഴിലെ ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പരയാണ് കഴിഞ്ഞതെന്നാണ് ആരാധകര്‍ കരുതുന്നത്.

പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാണ്. ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ലോകകപ്പിനുശേഷം ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. തുടര്‍യാത്രകള്‍ മൂലം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തത് ദ്രാവിഡിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിലെ പ്രകടനം എങ്ങനെയായാലും ദ്രാവിഡ് കോച്ചായി തുടരില്ലെന്നാണ് കരുതുന്നത്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണെന്നതിനാല്‍ കോച്ച് എന്ന നിലയില്‍ ദ്രാവിഡിന് കീഴില്‍ അവസാന പരമ്പരയാണ് വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ടീം കളിച്ചതെന്ന് പറയേണ്ടിവരും.

ഇനി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കീഴിലെ അവസാന ടെസ്റ്റ് പരമ്പരയാകുമോ വിന്‍ഡീസ് പരമ്പര എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏകദിന ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും രോഹിത്തിന്‍റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തില്ല. ടി20യില്‍ ഔദ്യോഗകമായല്ലെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നത്. ഏകദിന ലോകകപ്പില്‍ കിരീടം നേടാനായില്ലെങ്കില്‍ 36കാരനായ രോഹിത്തിന് എത്രകാലം തുടരാനാകുമെന്നതാണ് ചോദ്യം.

ഇഷാന്‍ കിഷന് ഇടമില്ല, പകരം സഞ്ജു; സര്‍പ്രൈസുകളുമായി ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് മുന്‍ താരം

ശുഭ്മാന്‍ ഗില്ലോ റിഷഭ് പന്തോ ഭാവിയില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായേക്കുമെന്നാണ് കരുതുന്നത്. അതുവരെക്കുള്ള താല്‍ക്കാലിക ക്രമീകരണമായി അജിങ്ക്യാ രഹാനെയെ ടെസ്റ്റ് ക്യാപ്റ്റനാക്കുന്ന കാര്യവും സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രഹാനെയെ വൈസ് ക്യാപ്റ്റനാക്കിയത്. എന്നാല്‍ വിന്‍ഡീസിനെതിരെ നിരാശപ്പെടുത്തിയതോടെ രഹാനെയുടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.എന്തായാലും ലോകകപ്പ് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും രോഹിത്തിന്‍റെ ഭാവി തീരുമാനിക്കുമെന്നാണ് കരുതുന്നത്.