Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കിവീസ് തളര്‍ന്നു, പിന്നെ തിരിച്ചടി; ആദ്യ ടി20യില്‍ മികച്ച സ്കോര്‍

മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 42 റണ്‍സാണ് അലന്‍- കോണ്‍വെ സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഒരു ഓവറില്‍ അലനേയും ചാപ്മാനേയും സുന്ദര്‍ മടക്കി.

India need 177 runs to win against New Zealand in first T20
Author
First Published Jan 27, 2023, 8:43 PM IST

റാഞ്ചി: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം. റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് ഡാരില്‍ മിച്ചല്‍ (30 പന്തില്‍ പുറത്താവാതെ 59)  ഡെവോണ്‍ കോണ്‍വെയുടെ (35 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ഫിന്‍ അലന്‍ (35) തിളങ്ങി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റുമായി കുല്‍ദീപും തിളങ്ങി. നാല് ഓവറില്‍ 20 റണ്‍സ് മാത്രമാണ് കുല്‍ദീപ് വിട്ടുകൊടുത്തത്.

മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 42 റണ്‍സാണ് അലന്‍- കോണ്‍വെ സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഒരു ഓവറില്‍ അലനേയും ചാപ്മാനേയും സുന്ദര്‍ മടക്കി. അലന്‍, വാഷിംഗ്ടണ്‍ സുന്ദറിന്റെ കൈകളില്‍ ഒതുങ്ങി. ചാപ്മാനെ സ്വന്തം പന്തില്‍ സുന്ദര്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. നാലാമതായി ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് (22 പന്തില്‍ 17) കിവീസിനെ തകര്‍ച്ചയില്‍ രക്ഷിച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് മടങ്ങിയത്. കോണ്‍വെ- ഫിലിപ്‌സ് സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കുല്‍ദീപ് യാദവ് ബ്രേക്ക് ത്രൂ നല്‍കി. 

തുടര്‍ന്ന് മിച്ചല്‍ ക്രീസിലേക്ക്. താരം കോണ്‍വെയ്‌ക്കൊപ്പം ക്രീസില്‍ ഉറച്ചതോടെ കിവീസ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതി. ഇരുവരും 36 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ കോണ്‍വെ മടങ്ങി. ശേഷമെത്തിയ മൈക്കല്‍ ബ്രേസ്‌വെല്ലിന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഒരു സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ഏറില്‍ ബ്രേസ്‌വെല്‍ റണ്ണൗട്ടായി. മിച്ചല്‍ സാന്റ്‌നറെ (7) ശിവം മാവി പുറത്താക്കി. അവസാന ഓവറില്‍ മിച്ചല്‍ തകര്‍ത്തടിച്ചതോടെ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 170 കടന്നു. ഇഷ് സോധി (0) പുറത്താവാതെ നിന്നു. 

മൂന്ന് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ശിവം മാവി, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരായും ടീമിലെത്തി. കിഷന്‍ വിക്കറ്റിന് പിന്നില്‍. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ ത്രിപാഠി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പൃഥ്വി കളിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഗില്ലിന്റെ ഏകദിന ഫോം കണക്കിലെടുത്ത് താരത്തെ പുറത്തിരുത്തുകയായിരുന്നു.

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ടിം സൗത്തി, ട്രന്‍് ബോള്‍ട്ട് തുടങ്ങിയ പേസര്‍മാരും ന്യൂസിലന്‍ഡ് നിരയിലില്ല. ഏകദിന ടീമിലുണ്ടായിരുന്ന ടോം ലാഥം, ഹെന്റി നിക്കോള്‍സ് എന്നിവര്‍ ടി20 ടീമിലില്ല. പകരം മാര്‍ക് ചാപ്മാന്‍, ഇഷ് സോധി എന്നിവര്‍ ടീമിലെത്തി. പരിക്ക് കാരണം സോധിക്ക് ഏകദിന പരമ്പരയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യ: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷ്ദീപ് സിംഗ്. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

വായുവില്‍ പറന്ന് പറന്ന് പറന്ന് വാഷിംഗ്ടണ്‍ സുന്ദര്‍! വിസ്മയിപ്പിക്കുന്ന ക്യാച്ചിന്റെ വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios