കഴിഞ്ഞ വര്‍ഷം ഇവിടെ ഇന്ത്യാ-ഇംഗ്ലണ്ട് ടി20 മത്സരം നടന്നപ്പോള്‍ കൂടുതലും ഇന്ത്യന്‍ ആരാധകരാണ് സ്റ്റേഡിയം നിറച്ചത്. ഇന്ത്യന്‍ ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മിയും സജീവമായിരുന്നു.

ലങ്കാഷെയര്‍: ഈ മാസം അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ജൂണ്‍ 16ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനക്കുവെച്ച് രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും വിറ്റു തീര്‍ന്നെന്ന് ക്രിക്കറ്റ് ലങ്കാഷെയര്‍ വ്യക്തമാക്കി.

ടിക്കറ്റിനായി ഇപ്പോഴും ഇന്ത്യയില്‍ നിന്നും നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ ടിക്കറ്റിന്റെ കാര്യത്തില്‍ തങ്ങള്‍ നിസഹായരാണെന്നും ക്രിക്കറ്റ് ലങ്കാഷെയര്‍ കോര്‍പറേറ്റ് സെയില്‍ ആന്‍ഡ് ഡവലപ്മെന്റ് മാനേജര്‍ ഡാന്‍ വൈറ്റ്‌ലാന്‍ഡ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇവിടെ ഇന്ത്യാ-ഇംഗ്ലണ്ട് ടി20 മത്സരം നടന്നപ്പോള്‍ കൂടുതലും ഇന്ത്യന്‍ ആരാധകരാണ് സ്റ്റേഡിയം നിറച്ചത്. ഇന്ത്യന്‍ ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മിയും സജീവമായിരുന്നു.

ഇതിനേക്കാള്‍ കൂടുതല്‍ കാണികള്‍ ഇന്ത്യാ-പാക് മത്സരം കാമാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലുണ്ടാകുമെന്ന് കണക്കിലെടുത്ത് നിരവധി പാക്കേജുകള്‍ തങ്ങള്‍ അവതരിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ഇനി 200 പാക്കേജുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും വൈറ്റ്‌ലാന്‍ഡ് പറഞ്ഞു. മത്സരത്തിന്റെ തലേദിവസം ഭാരത് ആര്‍മിയുടെ നേതൃത്വത്തില്‍ പഞ്ചാബി ഗായകന്‍ ഗുരു റണ്‍ധാവയുടെ സംഗീതനിശയും ലങ്കാഷെയറില്‍ സംഘടിപ്പിച്ചിട്ടുണ്ട്.