ഒക്ടോബർ പതിനാറിന് ശ്രീലങ്ക-നമീബിയ മത്സരത്തോടെയാണ് ട്വന്റി 20 ലോകകപ്പിന് ഓസ്ട്രേലിയയിൽ തുടക്കമാവുക

മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ രണ്ട് സന്നാഹമത്സരങ്ങളിൽ കളിക്കും. ഒക്ടോബർ പതിനേഴിന് ഗാബയിൽ ഓസ്ട്രേലിയയുമായാണ് ആദ്യ മത്സരം. 19ന് ഇതേവേദിയിൽ ഇന്ത്യ ന്യൂസിലൻഡിനെയും നേരിടും. ലോകകപ്പിൽ പങ്കെടുക്കുന്ന 16 ടീമുകൾക്കും രണ്ട് സന്നാഹമത്സരം വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ പതിനാറിന് ശ്രീലങ്ക-നമീബിയ മത്സരത്തോടെയാണ് ട്വന്റി 20 ലോകകപ്പിന് ഓസ്ട്രേലിയയിൽ തുടക്കമാവുക.

ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ഇന്ത്യക്ക് പരമ്പരകളുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുക. 

അതേസമയം പരിക്കേറ്റ രവീന്ദ്ര ജഡേജ ലോകകപ്പ് കളിക്കുമോ എന്ന് വ്യക്തമല്ല. ജഡേജയ്ക്ക് ആറാഴ്ച വരെ വിശ്രമം വേണ്ടിവന്നേക്കാം എന്ന റിപ്പോർട്ട് നേരത്തെ പുറത്തതുവന്നിരുന്നു. എന്നാല്‍ ജഡേജ കളിക്കില്ല എന്ന് ഇപ്പോള്‍ നിഗമനത്തിലെത്താനാവില്ല എന്നായിരുന്നു പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍. കാല്‍മുട്ടില്‍ ശസ്ത്രക്രിയ കഴിഞ്ഞ ജഡേജ സുഖംപ്രാപിച്ചുവരികയാണ്. പേസർ ജസ്പ്രീത് ബുമ്ര പരിക്ക് മാറി ലോകകപ്പില്‍ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റ മറ്റൊരു പേസർ ഹർഷല്‍ പട്ടേലും തിരിച്ചുവരവിന്‍റെ ഘട്ടത്തിലാണ്. 

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കനത്ത പ്രതിസന്ധിയാണ് ടീം തെരഞ്ഞെടുപ്പ്. ഏഷ്യാ കപ്പില്‍ ഫൈനലിലെത്താതെ പുറത്തായതാണ് ടീം മാനേജ്മെന്‍റിനെ കുഴയ്ക്കുന്നത്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍ കളിക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നു. 

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ സെപ്റ്റംബര്‍ 15ന് മുമ്പ് പ്രഖ്യാപിക്കണമന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് പൂര്‍ത്തിയാവുന്ന സെപ്റ്റംബര്‍ 11ന് പിന്നാലെ ഇന്ത്യക്ക് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ടിവരും. ഇതിനുശേഷം ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരെ നാട്ടില്‍ ടി20 പരമ്പര കളിക്കുന്നുണ്ടെങ്കിലും അതില്‍ മികവ് കാട്ടിയാലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ല. ഏതെങ്കിലും താരത്തിന് പരിക്ക് പറ്റിയാല്‍ പകരക്കാരനെ തെരഞ്ഞെടുക്കാനാവും. 

കോലിയുടെ അടിയോ, ഭുവിയുടെ ഏറോ മാത്രമല്ല; തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അഫ്‍ഗാന്‍ നായകന്‍