Asianet News MalayalamAsianet News Malayalam

ഓസീസിനെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ! രോഹിത്തിന് പുതിയ ഓപ്പണിംഗ് പങ്കാളി; സാധ്യതാ ഇലവന്‍

റണ്ണൊഴുകുന്ന പിച്ചാണ് രാജ്‌കോട്ടിലേത്. ലോകകപ്പിനുള്ള ഒരുക്കം കൂടി ആയതിനാല്‍ ഇരുടീമിലും കാര്യമായ മാറ്റം ഉറപ്പ്. ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലുണ്ടാവില്ല.

india probable eleven against australia in final odi match saa
Author
First Published Sep 27, 2023, 9:40 AM IST

രാജ്‌കോട്ട്: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. രാജ്‌കോട്ടില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയില്‍ ഏകദിന പരമ്പരയിലെ ഏല്ലാ കളിയും തോല്‍ക്കുകയെന്ന നാണക്കേട് ഒഴിവാക്കാനാണ് ഓസ്‌ട്രേലിയ എത്തുന്നത്. മാത്രമല്ല, ലോകകപ്പിന് മുമ്പുള്ള അവസാന മത്സരമെന്നിരിക്കെ വിജയിച്ച് ആത്മവിശ്വാസത്തോടെ കളിക്കുകയായിരിക്കും ഓസീസിന്റെ ലക്ഷ്യം.

റണ്ണൊഴുകുന്ന പിച്ചാണ് രാജ്‌കോട്ടിലേത്. ലോകകപ്പിനുള്ള ഒരുക്കം കൂടി ആയതിനാല്‍ ഇരുടീമിലും കാര്യമായ മാറ്റം ഉറപ്പ്. ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലുണ്ടാവില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ തിരിച്ചെത്തും. ഗില്ലിന്റെ അഭാവത്തില്‍ രോഹിത്തും ഇഷാന്‍ കിഷന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ബുമ്രയും സിറാജും പുതിയ പന്തെടുക്കും. അക്‌സര്‍ പട്ടേല്‍ പരിക്കില്‍ നിന്ന് മുക്തനാവത്തതിനാല്‍ അശ്വിന്‍ തുടരാനാണ് സാധ്യത. 

പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓസീസ് നിരയില്‍ തിരിച്ചെത്തും. പരിക്കേറ്റ മാക്‌സ്‌വെല്‍ ജൂലൈയ്ക്ക് ശേഷം ഓസീസ് ടീമില്‍ കളിച്ചിട്ടില്ല. ഡെത്ത് ഓവറുകളില്‍ നിയന്ത്രണമില്ലാതെ റണ്‍വഴങ്ങുന്നതാണ് ഓസീസിന്റെ പ്രധാന തലവേദന. രാജ്‌കോട്ടില്‍ ഒടുവില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും ഓസീസും തന്നെയായിരുന്നു. ഇന്ത്യയുടെ 340 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 304 റണ്‍സിന് പുറത്തായി.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

കെയ്ന്‍ വില്യംസണിന്റെ തിരിച്ചുവരവ് ലോകകപ്പിലൂടെ! എപ്പോള്‍, ഏത് മത്സരത്തിലൂടെയെന്ന് വ്യക്തമാക്കി കിവീസ് നായകന്‍

Follow Us:
Download App:
  • android
  • ios