വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ വിശാഖപട്ടണത്ത് തുടക്കം. ദീര്‍ഘകാലത്തിന് ശേഷമാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എങ്കിലും നാളെ പ്രധാന മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഒരുപാട് കാര്യങ്ങള്‍ ഈ പരമ്പരയില്‍ ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. 

അതിലൊന്നാണ് രോഹിത് ശര്‍മയുടെ ഓപ്പണിങ് സ്ഥാനം. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിന് ലഭിക്കുന്ന അവസാന അവസരമായിരിക്കുമിത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറായി കളിക്കുന്ന രോഹിത് ഇതുവരെ ടെസ്റ്റില്‍ ആ സ്ഥാനം കൈകാര്യം ചെയ്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മോശം ഫോമില്‍ കളിച്ച കെ എല്‍ രാഹുലിന് പകരമാണ് രോഹിത്തിനെ ഓപ്പണറായി തിരഞ്ഞെടുത്തത്. 

എന്നാല്‍ രോഹിത്തിന്റെ ഒരുക്കം ഒട്ടും നന്നായില്ല. സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന് വേണ്ടി ഓപ്പണറായി കളിച്ചെങ്കിലും ഒരു റണ്‍സ് പോലും താരത്തിന് നേടാന്‍ സാധിച്ചില്ല. രോഹിത്തിന് പകരകാരനായി ശുഭ്മാന്‍ ഗില്‍ ടീമിലുണ്ട്. ഒരുപക്ഷേ രോഹിത് പരാജയപ്പെട്ടാല്‍ അവസാന ടെസ്റ്റിലെങ്കിലും ഗില്ലിന് അവസരം തെളിയും. 

മറ്റൊന്ന് ഋഷഭ് പന്തിന്റെ സ്ഥാനമാണ്. സ്ഥിരതയില്ലാത്ത താരമെന്ന പേരുദോഷം ഇപ്പോള്‍ തന്നെ പന്തിനുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും അത് പ്രകടമായി. പന്തിന് പകരം വൃദ്ധിമാന്‍ സാഹയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ കുത്തിത്തിരിയുന്ന പിച്ചുകളില്‍ പന്തിനെക്കാള്‍ കഴിവുണ്ട് സാഹയ്ക്ക് എന്നാണ് വിലയിരുത്തല്‍.

ആര്‍ അശ്വിന്റെ കാര്യമാണ് മറ്റൊന്ന്. ടെസ്റ്റ് ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അശ്വിന് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇടം ലഭിച്ചിരുന്നില്ല. അവസരം ലഭിച്ച രവീന്ദ്ര ജഡേജ പേസ് ട്രാക്കില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുകയും ചെയ്തു. നാളെ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മാത്രമെ അശ്വിന് അവസരം ലഭിക്കൂ. 

ഓപ്പണിങ് സ്ഥാനത്ത് രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാള്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വിന്‍ഡീസ് പര്യടനത്തില്‍ ഫോമിലായില്ലെങ്കിലും ചേതേശ്വര്‍ പൂജാരയുടെ സ്ഥാനത്തിന് ഇളക്കമൊന്നുമില്ല. വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പന്തിന് ഒരിക്കല്‍കൂടി അവസരം നല്‍കിയേക്കും. പിന്നാലെ രവീന്ദ്ര ജഡേജ. പരിക്കേറ്റ് പുറത്തുവപോയ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമി പേസ് അറ്റാക്ക് നയിക്കും. ഇശാന്ത് ശര്‍മ, ഉമേഷ് യാദവും കൂട്ടിന്. ഇനി രണ്ട് സ്പിന്നര്‍മാരെ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ ഉമേഷിന് പകരം ആര്‍  അശ്വന്‍ ടീമിലെത്തും. 

ഇന്ത്യയുടെ സാധ്യത ടീം: മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്/ ആര്‍ അശ്വിന്‍.