ഒരു ടെസ്റ്റിലെ പ്രകടനത്തിന്‍റെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കുന്നത് നീതികേടാകുമെന്ന നിഗമനത്തിലാണിത്. അതേസമയം, യുവതാരം യശസ്വി ജയ്‌സ്വാളിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രോഹിത്തിന് ടെസ്റ്റ് പരമ്പരയില്‍ വിശ്രമം നല്‍കേണ്ടെന്നാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തില്‍ രോഹിത് തന്നെയാകും ഇന്ത്യയെ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ നയിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ചേതേശ്വര്‍ പൂജാര ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.
ഒരു ടെസ്റ്റിലെ പ്രകടനത്തിന്‍റെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കുന്നത് നീതികേടാകുമെന്ന നിഗമനത്തിലാണിത്. അതേസമയം, യുവതാരം യശസ്വി ജയ്‌സ്വാളിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്താതിനാല്‍ ടീമിലേക്ക് പരിഗണിക്കില്ല. യശസ്വി ജയ്‌സ്വാളിന് പുറമെ സര്‍ഫ്രാസ് ഖാനെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ മാത്രമാണോ ഏകദിന,ടി20 പരമ്പരക്കുള്ള ടീമിനെയും ഇന്ന് പ്രഖ്യാപിക്കുമോ എന്ന് വ്യക്തമല്ല. ഏകദിന, ടി20 ടീമില്‍ സ്ഥാനം പ്രതീക്ഷിച്ച് മലയാളി താരം സഞ്ജു സാംസണ്‍ അടക്കം നിരവധി യുവതാരങ്ങളുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ്, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, മോഹിത് ശര്‍മ എന്നിവരെല്ലാം ടി20 ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നവരാണ്.
നേപ്പാളിന്‍റെ ചിറകരിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്; യോഗ്യതാ മത്സരത്തില്‍ വമ്പന്‍ ജയം
ജൂലൈ 12 മുതല്‍ ഡൊമനിക്കയിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ്. 20ന് സെന്‍റ് ലൂസിയയില്‍ രണ്ടാം ടെസ്റ്റ് തുടങ്ങു. 27 മുതലാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര. നിലവില്‍ ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇവിടെ നിന്ന് നേരിട്ട് വെസ്റ്റ് ഇൻഡീസിലെത്തുമെന്നാണ് കരുതുന്നത്. ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായി തുടരുമ്പോള്‍ രോഹിത്തിനും കോലിക്കും വിശ്രമം അനുവദിച്ചേക്കും. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.
