മുംബൈ: ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യ എക്കായും നടത്തിയ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തി. ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

ടെസ്റ്റിലും ടി20യിലും ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരും ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ ശിവം ദുബെയും ടി20 ടീമിലെത്തി.

അടുത്തമാസം മൂന്നിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. ടി20 പരമ്പരക്കുള്ള ടീമിനൊപ്പം ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഇടം കൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീം പുറത്തായി. കുല്‍ദീപ് യാദവിനെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തിയതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടും നദീമിന് അവസരം നഷ്ടമാക്കിയത്.