അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി20 പരമ്പര ജേതാക്കളെ ഇന്നറിയാം. നിര്‍ണായകമായ അഞ്ചാം മത്സരം അഹമ്മാദാബാദില്‍ വൈകിട്ട് ഏഴിനാണ് തുടങ്ങുക. ഐസസി ട്വന്റി 20 റാങ്കിംഗിലെ ആദ്യ രണ്ടുസ്ഥാനക്കാരാണ് കിരീടം ഉറപ്പിക്കാന്‍ വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. നാല് മത്സരം പിന്നിട്ടപ്പോള്‍ രണ്ടുവീതം ജയവുമായി ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമാണ്. 

ആദ്യ മൂന്ന് കളിയും ജയിച്ചത് ടോസ് നേടി റണ്‍പിന്തുടര്‍ന്ന ടീം. നാലാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത്, റണ്‍പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. സൂര്യകുമാര്‍ യാദവിന്റെ സൂപ്പര്‍ ഇന്നിംഗ്‌സും ഹര്‍ദിക് പാണ്ഡ്യയുടെ ഉഗ്രന്‍ ബൗളിംഗും ഇന്ത്യക്ക് നല്‍കിയത് പുത്തനുണര്‍വ്. യുസ്‌വേന്ദ്ര ചഹലിന് പകരമെത്തിയ രാഹുല്‍ ചാഹറും പ്രതീക്ഷ കാത്തു. 

പക്ഷേ, കെ എല്‍ രാഹുലിന് ഇപ്പോഴും  ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. രോഹിത് ശര്‍മയും വിരാട് കോലിയും റണ്‍വേട്ട തുടര്‍ന്നാല്‍ ഇന്ത്യക്ക് ആശങ്ക വേണ്ട. ഫൈനലിന് തുല്യമായ മത്സരമായതിനാല്‍ ഇരുടീമും പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കില്ല.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുണ്ടെങ്കിലും ഡേവിഡ് മാലന്റെയും ജോസ് ബട്‌ലറുടെയും സ്ഥിരതയില്ലായ്മയാണ് ഇംഗ്ലണ്ടിന്റെ പ്രതിസന്ധി. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് പേസ് ജോഡിയാണ് ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കുന്ന ഘടകം.