ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ലീഡ്. ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെ 235ന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 87 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ പൃഥ്വി ഷാ (35), മായങ്ക് അഗര്‍വാള്‍ (23) എന്നിവരാണ് ക്രീസില്‍. 

അതിവേഗത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ റണ്‍സ് കണ്ടെത്തിയത്. 25 പന്തുകള്‍ മാത്രം നേരിട്ട പൃഥ്വി അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 35 റണ്‍സെടുത്തത്. മായങ്ക് 17 പന്തില്‍  ഒരു സിക്‌സും നാല് ഫോറും കണ്ടെത്തി. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 263നെതിരെ ന്യൂസിലന്‍ഡ് 235ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബൂമ്ര, ഉമേഷ് യാദവ്, നവ്ദീപ് സൈനി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി. 

40 റണ്‍സ് നേടിയ ഹെന്റി കൂപ്പറാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്ര (34), ടോം ബ്രൂസ് (31), ഡാരില്‍ മിച്ചല്‍ (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.