മുംബൈ: രാജ്യത്ത് നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാര്‍ വൃദ്ധിമാന്‍ സാഹയും റിഷഭ് പന്തുമാണെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഫോമിന്‍റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ കേട്ട യുവതാരം റിഷഭ് പന്തിനെ പിന്തുണച്ചാണ് ഇന്ത്യന്‍ മുന്‍ നായകന്‍റെ വാക്കുകള്‍.

പന്തിന് ഗാംഗുലിയുടെ പിന്തുണ


 
'ആരു ആശങ്കപ്പെടേണ്ടതില്ല. പന്തിന്‍റെ ബാറ്റ് ഫോമിലേക്ക് തിരിച്ചുവരും. അവന്‍ യുവതാരമാണ്. എല്ലാവരും അവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്. മികച്ച പ്രതിഭയാണ് പന്ത്' എന്നും ദാദ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ ആരാവും വിക്കറ്റ് കാക്കുക എന്ന ചോദ്യത്തിനും ഗാംഗുലി മറുപടി നല്‍കി. ഒരു വിക്കറ്റ് കീപ്പര്‍ക്കേ കളിക്കാനാകൂ. ആരാണോ മികച്ച ഫോമിലുള്ളത്, അയാള്‍ക്ക് അവസരം ലഭിക്കും എന്നാണ് ബിസിസിഐ തലവന്‍ വ്യക്തമാക്കിയത്. 

വൃദ്ധിമാന്‍ സാഹയ്‌ക്കും റിഷഭ് പന്തിനും പുറമേ മലയാളി താരം സഞ്ജു സാംസണും കെ എല്‍ രാഹുലുമാണ് ഓസീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ സംഘത്തിലുള്ള വിക്കറ്റ് കീപ്പര്‍മാര്‍. രാജ്യത്തെ സാങ്കേതിക തികവുള്ള വിക്കറ്റ് കീപ്പറായ സാഹയ്‌ക്കാണ് ടെസ്റ്റില്‍ കൂടുതല്‍ സാധ്യത. പന്തിനെയും ടെസ്റ്റ് സ‌്‌ക്വാഡിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഹുലും സഞ്ജുവുമാണ് ഏകദിന, ടി20 പരമ്പരയ്‌ക്കുള്ള ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.  

നവംബര്‍ 27ന് വേദിയുണരും

ഓസ്‌ട്രേലിയക്കെതിരെ നവംബര്‍ 27ന് ഏകദിന പരമ്പരയും ഡിസംബർ നാലിന് ട്വന്റി 20 മത്സരങ്ങളും തുടങ്ങും. മൂന്ന് വീതം മത്സരങ്ങളാണ് ഈ പരമ്പരകളിലുള്ളത്. ഡിസംബർ 17നാണ് ഇന്ത്യ-ഓസ്‌ട്രേലിയ നാല് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പകലും രാത്രിയുമായാണ്. കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു. 

ഓസ്‌ട്രേലിയയില്‍ കോലിപ്പടയ്‌ക്ക് സച്ചിന്‍ അണിഞ്ഞ ജേഴ്‌സി; ചിത്രം പുറത്തുവിട്ട് ധവാന്‍