സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ കളിക്കുക പുതിയ ജേഴ്‌സിയുമായി. 1992 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയോട് സാമ്യമുള്ളതാണ് പുതിയ ജേഴ്‌സി. പുതിയ ജഴ്സി ഓപ്പണർ ശിഖര്‍ ധവാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. പുതിയ ജേഴ്‌സി, പുതിയ പ്രചോദനം, പോകാനൊരുങ്ങാം എന്ന തലക്കെട്ടോടെയാണ് ധവാൻ ചിത്രം പോസ്റ്റ് ചെയ്തത്. 

വേറിട്ട ജേഴ്‌സി ഓസീസിനും

ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം പുതിയ ജേഴ്‌സി അണിഞ്ഞാണിറങ്ങുക. ഓസ്‌‌ട്രേലിയൻ പാരമ്പര്യത്തേയും സംസ്‌കാരത്തെയും പ്രതിനിധാനം ചെയ്യുന്ന ജഴ്‌സി എന്ന വിശേഷണത്തോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ കുപ്പായം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയിരുന്നു. ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ജഴ്സിയുടെ രൂപകൽപന. 

ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കാണ് ജഴ്സി ആദ്യം ധരിച്ചത്. നേരത്തേ ഓസ്ട്രേലിയൻ വനിതാ ടീമിനും ഇതേമാതൃകയിലുള്ള ജഴ്സി നൽകിയിരുന്നു. 

ഡിസംബർ 17നാണ് ഇന്ത്യ-ഓസ്‌ട്രേലിയ നാല് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പകലും രാത്രിയുമായാണ്. കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു. ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന-ടി20 പരമ്പകള്‍ കോലിപ്പട കളിക്കും. നവംബര്‍ 27ന് ഏകദിന പരമ്പരയും ഡിസംബർ നാലിന് ട്വന്റി 20 മത്സരങ്ങളും തുടങ്ങും. 

ടി20യില്‍ മികച്ച നായകന്‍ കോലിയോ രോഹിത്തോ; മറുപടിയുമായി പാര്‍ഥീവ് പട്ടേല്‍