സിഡ്‌നി: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പാതിവഴിയില്‍ നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് വലിയ ചര്‍ച്ചാ വിഷയമാണ്. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷമായിരിക്കും കോലിയുടെ മടക്കം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നിന്‍റെ മധ്യേ കോലി നാട്ടിലേക്ക് പറക്കുന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് പരിശീലകന്‍ രവി ശാസ്‌ത്രി. 

'കോലി എടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണ്. ഇത്തരം ശുഭ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കുന്നതല്ല. നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തില്‍ കോലിക്ക് സന്തേഷമേയുള്ളൂ എന്നാണ് കരുതുന്നത്' എന്നും ശാസ്‌ത്രി പറഞ്ഞു. അതേസമയം പരമ്പരയില്‍ കോലിയുടെ സാന്നിധ്യം ടീം ഇന്ത്യ മിസ് ചെയ്യും എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനിടെ വിദേശത്ത് ഇന്ത്യയുടെ വിജയത്തിലെല്ലാം നെടുംതൂണായത് കോലിയാണ്. അതിനാല്‍ തന്നെ കോലിയെ മിസ് ചെയ്യും. കോലിയുടെ അഭാവത്തില്‍ ടീമിലെ യുവതാരങ്ങള്‍ക്ക് മികച്ച അവസരം ഒരുങ്ങും' എന്നുമാണ് ശാസ്‌ത്രിയുടെ വാക്കുകള്‍. 

ഡിസംബർ 17നാണ് ഇന്ത്യ-ഓസ്‌ട്രേലിയ നാല് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പകലും രാത്രിയുമായാണ്. ഇതിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. കുഞ്ഞിന്‍റെ ജനനത്തിനായി ഇന്ത്യന്‍ നായകന് ബിസിസിഐ അവധി അനുവദിക്കുകയായിരുന്നു. കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു. ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന-ടി20 പരമ്പകള്‍ കോലിപ്പട കളിക്കും. നവംബര്‍ 27ന് ഏകദിന പരമ്പരയും ഡിസംബർ നാലിന് ട്വന്റി 20 മത്സരങ്ങളും തുടങ്ങും. 

ബേണ്‍സോ പുകോവ്‌സ്‌ക്കിയോ; ഓപ്പണിംഗില്‍ ആര് വേണമെന്ന് മനസുതുറന്ന് വാര്‍ണര്‍