സിഡ്‌നി: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ ഓപ്പണിംഗില്‍ ഡേവിഡ് വാര്‍ണറുടെ പങ്കാളിയായി ആരെ ഇറക്കും എന്നത് വലിയ ചോദ്യചിഹ്നമാണ്. വാര്‍ണറുടെ സ്ഥിരം കൂട്ടുകെട്ടായ ജോ ബേണ്‍സ് ആഭ്യന്തര ക്രിക്കറ്റില്‍ മോശം ഫോമാണ് അടുത്തിടെ കാഴ്ചവെച്ചത്. അതേസമയം 22കാരന്‍ വില്‍ പുക്കോവ്‌സ്‌കി ഷെഫീല്‍ഡ് ഷീല്‍ഡില്‍ രണ്ട് മത്സരങ്ങളില്‍ 495 റണ്‍സടിച്ച് ടീമില്‍ ഇടംപിടിച്ചിട്ടുമുണ്ട്. എങ്കിലും ഓപ്പണിംഗില്‍ ബേണ്‍സ് വേണമെന്ന് വാദിക്കുകയാണ് ഇപ്പോള്‍ വാര്‍ണര്‍. 

'ടീമില്‍ നിന്ന് പുറത്താകാന്‍ മാത്രം തെറ്റൊന്നും ജോ ചെയ്തിട്ടില്ല. ഞങ്ങള്‍ മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്‌ടിച്ചവരാണ്. വില്‍ മികച്ച പ്രകടനാണ് പുറത്തെടുക്കുന്നത്. ഈ സമയം ടീമിലെത്താന്‍ സാധ്യതയുള്ള ഏറ്റവും മികച്ച താരമാണ് അയാള്‍. ഓസീസ് ടീമില്‍ ഇടംപിടിക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് പുറത്താവുക എന്നത് നമുക്കറിയാം. നല്ല രീതിയില്‍ വിജയിച്ചിട്ടുള്ള ഒരു സഖ്യം പൊളിക്കുന്നതിനോട് യോജിപ്പില്ല. അതേസമയം ഓപ്പണിംഗില്‍ തനിക്കൊപ്പം ആര് വന്നാലും സന്തോഷമേയുള്ളൂ' എന്നും വാര്‍ണര്‍ പറഞ്ഞു.  

വാര്‍ണര്‍ക്കൊപ്പം ബേണ്‍സ് തുടര്‍ന്നേക്കും എന്ന സൂചന പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിഹാസ താരം റിക്കി പോണ്ടിംഗ് ഈ നിര്‍ദേശത്തെ പിന്തുണയ്‌ക്കുകയും ചെയ്തു. ഓപ്പണിംഗില്‍ 50ലധികം ശരാശരി നേടിയിട്ടുള്ള സഖ്യമാണ് വാര്‍ണറും ബേണ്‍സും. എന്നാല്‍ ഷെഫീല്‍ഡില്‍ അഞ്ച് മത്സരങ്ങളില്‍ 57 റണ്‍സ് മാത്രം നേടിയതാണ് ബേണ്‍സിന്‍റെ സ്ഥാനം തുലാസിലാക്കിയത്. പരിശീലന മത്സരങ്ങള്‍ക്കുള്ള ഓസീസ് എ ടീമിലും ബേണ്‍സിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഡിസംബർ 17നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പകലും രാത്രിയുമായാണ്. ആദ്യമായാണ് ഇന്ത്യ വിദേശത്ത് പിങ്ക് പന്തില്‍ കളിക്കുന്നത്. കഴിഞ്ഞ പര്യടനത്തില്‍ ടീം ഇന്ത്യ 2-1ന് വിജയിച്ചിരുന്നു. ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ഏകദിന-ടി20 പരമ്പകളും കോലിപ്പട കളിക്കും. നവംബര്‍ 27നാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്ക് തുടക്കമാവുക. ഡിസംബർ നാലിന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. 

ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ട്; വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്