സിഡ്‌നി: ഓസ്‌ട്രേലിയൻ പര്യടനത്തിന് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നെറ്റ്സിൽ പരിശീലനം തുടങ്ങി. ടീമിലെ പുതുമുഖം ടി. നടരാജൻ നെറ്റ്സിൽ പന്തെറിഞ്ഞു.

ഒരു ദീർഘയാത്രയുടെ തുടക്കം. ഇന്ത്യൻ ടീമിനായി പന്തെറിയണമെന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവടുവച്ച് ടി. നടരാജൻ. സിഡ്നിയിൽ ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിലാണ് ഇടംകൈയൻ പേസർ പന്തെറിഞ്ഞത്. വരുൺ ചക്രവർത്തിക്ക് പകരക്കാരനായി ട്വന്റി 20 ടീമിലെത്തിയ നടരാജന് മികച്ച പ്രോത്സാഹനമായി കോച്ചിംഗ് സ്റ്റാഫും സഹതാരങ്ങളുമുണ്ട്. നടരാജന്‍ പന്തെറിയുന്ന വീഡിയോ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 

ഐപിഎല്ലിൽ സൺറൈസേഴ്സിനായി പതിനാറ് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനമാണ് നടരാജനെ ഇന്ത്യൻ ടീമിലെത്തിച്ചത്. ഈ സീസണിൽ 71 യോർക്കറുകളാണ് നടരാജനെറിഞ്ഞത്. ഇതുകൊണ്ടുതന്നെ നടരാജൻ ട്വന്റി 20യിലെ ഡെത്ത് ഓവറുകളിൽ ജസ്പ്രീത് ബുംറയുടെ പങ്കാളിയായേക്കും. 

ഓസ്‌ട്രേലിയയില്‍ മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുകളുമാണ് ഇന്ത്യന്‍ ടീം കളിക്കുക. ഈമാസം 27ന് തുടങ്ങുന്ന ഏകദിന പരമ്പരയ്‌ക്ക് ശേഷമാണ് ട്വന്റി 20 മത്സരങ്ങൾക്ക് തുടക്കമാവുക. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. വിദേശത്ത് ഇന്ത്യയുടെ ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റാണിത്. 

അവന്‍ ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റര്‍മാരില്‍ ഒരാളാവും; പേസറെ പുകഴ്ത്തി ഗില്ലസ്പി