സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യ 66 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ ഇന്ത്യക്ക് പിഴച്ചത് ഏതൊക്കെ മേഖലകളിലാണ് എന്ന് പറയുകയാണ് വെറ്ററന്‍ താരം ഹര്‍ഭജന്‍ സിംഗ്. 

ഫീല്‍ഡര്‍മാര്‍ നിരാശപ്പെടുത്തി

'കാര്യങ്ങളൊന്നും ഇന്ത്യന്‍ ടീമിന്‍റെ വഴിക്കായിരുന്നില്ല. ഇന്ത്യ കുറച്ച് മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവെച്ചെങ്കിലും പാളിച്ചകളുണ്ടായി. ഫീല്‍ഡിംഗ് മന്ദഗതിയിലായിരുന്നു. കുറെ ഫീല്‍ഡിംഗ് പിഴവുകളുണ്ടായി. നിരവധി ക്യാച്ചുകള്‍ നിലത്തിട്ടു. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ എല്ലാ ക്യാച്ചുകളും എടുത്തേ മതിയാകൂ. ഫീല്‍ഡര്‍മാര്‍ ബൗളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നില്ല. അത് ബാധിക്കുന്നത് ബൗളര്‍മാരുടെ പ്രകടനത്തെയാണ്. അതാണ് സിഡ്‌നിയില്‍ സംഭവിച്ചത്'. 

ഷമിയൊഴികെ ബൗളര്‍മാരും നിരാശ

'മുഹമ്മദ് ഷമിയൊഴികയുള്ള ബൗളര്‍മാരെല്ലാം ഫോമിന്‍റെ നിഴലില്‍ മാത്രമായിരുന്നു. ഓസ്‌ട്രേലിയയില്‍ കളിക്കുമ്പോള്‍ ബൗണ്‍സും സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ചെറിയ ഫുള്‍ ലെങ്ത് പന്തുകള്‍ എറിഞ്ഞ് തുടക്കത്തിലെ വിക്കറ്റെടുക്കാന്‍ ബൗളര്‍മാര്‍ പരിശ്രമിച്ചില്ല. അതാണ് ഓസ്‌ട്രേലിയ ഏറെ റണ്‍സടിക്കാനുള്ള ഒരു കാരണം. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇന്ത്യയുടെ സാധ്യതകള്‍ കുറച്ചതും ഇക്കാരണമാണ്' എന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. 

വീഴ്‌ചകള്‍ സമ്മതിച്ച് കോലി

'പാര്‍ട്ട് ടൈം ബൗളറുടെ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഹര്‍ദിക്ക് പാണ്ഡ്യക്ക് ബൗള്‍ ചെയ്യാനുള്ള കായികക്ഷമത ഉണ്ടായിരുന്നില്ല. ടീമില്‍ മറ്റ് ഓള്‍ റൗണ്ടര്‍മാരുമില്ലാത്ത സാഹചര്യത്തില്‍ നിലവിലുള്ള ബൗളര്‍മാരെ വെച്ച് ഓവറുകള്‍ പൂര്‍ത്തിയാക്കുക മാത്രമായിരുന്നു മുന്നിലുള്ള പോംവഴി. 25-26 ഓവറുകള്‍ക്ക് ശേഷം ഇന്ത്യന്‍ കളിക്കാരുടെ ശരീരഭാഷയും അത്ര മികച്ചതായിരുന്നില്ല. ഫീല്‍ഡിംഗ് പിഴവുകളും തിരിച്ചടിയായി' എന്നുമായിരുന്നു മത്സരശേഷം കോലിയുടെ വാക്കുകള്‍. 

പാണ്ഡ്യ താണ്ഡവം; പിറന്നത് ഏകദിന ക്രിക്കറ്റിലെ അപൂര്‍വ റെക്കോര്‍ഡ്