സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് സര്‍പ്രൈസ് ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഷെഫീല്‍ഡ് ഷീല്‍ഡില്‍ തകര്‍പ്പന്‍ ഫോമിലുള്ള യുവതാരങ്ങളായ വില്‍ പുകോവ്‌സ്‌ക്കിയും കാമറോണ്‍ ഗ്രീനും ഉള്‍പ്പടെ അഞ്ച് അണ്‍ക്യാപ്‌ഡ് താരങ്ങള്‍ 17 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചു. ലെഗ്‌സ്‌പിന്നര്‍ മിച്ചല്‍ സ്വപ്‌ടണും പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ നെസെറും സീന്‍ അബോട്ടുമാണ് ബാഗി ഗ്രീന്‍ ആദ്യമായി അണിയാന്‍ കാത്തിരിക്കുന്ന മറ്റ് താരങ്ങള്‍. ടീം പെയ്‌ന്‍ നയിക്കുന്ന ടീമിന്‍റെ ഉപനായകന്‍ പാറ്റ് കമ്മിന്‍സാണ്. ടീം ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും പരമ്പര എന്ന് ഓസീസ് സ്‌ക്വാഡ് സൂചന നല്‍കുന്നു. 

വിസ്‌മയം വില്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ അടുത്ത വന്‍പേരുകാരന്‍ എന്ന വിശേഷണമുള്ള താരങ്ങളില്‍ ഒരാളാണ് വില്‍ പുകോവ്‌സ്‌കി. ഷെഫീല്‍ഡ് ഷീല്‍ഡില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടിയിരുന്നു അടുത്തിടെ ഇരുപത്തിരണ്ടുകാരനായ പുകോവ്‌സ്‌കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയപ്പോള്‍ 255 റണ്‍സുമായി പുറത്താകാതെ നിന്നു താരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് 22 മത്സരങ്ങളില്‍ 55.48 ശരാശരിയില്‍ 1720 റണ്‍സാണ് വില്ലിന്‍റെ സമ്പാദ്യം. ആറ് സെഞ്ചുറികളും അഞ്ച് അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പടെയാണിത്. 

ഗ്രീന്‍ എന്ന വന്‍മരം!

ഇന്ത്യക്കെതിരായ ഏകദിന സ്‌ക്വാഡിലും ഇടംപിടിച്ച താരമാണ് 21 വയസുകാരനായ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. റിക്കി പോണ്ടിംഗിന് ശേഷം ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച യുവ ബാറ്റ്സ്‌മാന്‍ എന്നാണ് മുന്‍ നായകന്‍ ഗ്രെഗ് ചാപ്പല്‍ ഗ്രീനിനെ വിശേഷിപ്പിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22 ശരാശരിയിലാണ് താരം പന്തെറിയുന്നത്. 17-ാം വയസിലെ അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവും ഗ്രീനിന്‍റെ പേരിലുണ്ട്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കായി ആഭ്യന്തര ക്രിക്കറ്റില്‍ തുടരുന്ന മികച്ച ഫോമാണ് ഗ്രീനിനെ ടീമിലെത്തിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 19 മത്സരങ്ങളില്‍ 1196 റണ്‍സും 30 വിക്കറ്റും ഗ്രീനിനെ സമ്പന്നമാക്കുന്നു. 

സ്വപ്‌ന ഫോമില്‍ സ്വപ്‌ടണ്‍!

കഴിഞ്ഞ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ സിഡ്‌നി ടെസ്റ്റില്‍ ഓസീസ് സ്‌ക്വാഡിലുണ്ടായിരുന്ന താരമാണ് മിച്ചല്‍ സ്വപ്‌ടണ്‍. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. ഷെഫീല്‍ഡ് ഷീല്‍ഡില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റാണ് സമ്പാദ്യം. തുടര്‍ച്ചയായ മൂന്ന് അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണിത്. രണ്ടിന്നിംഗ്‌സിലുമായി 171 റണ്‍സിന് 10 വിക്കറ്റ് വീഴ്‌ത്തിയതാണ് കരിയറിലെ മികച്ച ബൗളിംഗ് പ്രകടനം. ബുധനാഴ്‌ച സൗത്ത് ഓസ്‌ട്രേലിയക്കെതിരെ ക്വീന്‍സ്‌ലന്‍ഡ് ജയിച്ചപ്പോള്‍ 11 പന്തിനിടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നേഥന്‍ ലിയോണിനുള്ള ബാക്ക്അപ്പ് സ്‌പിന്നര്‍ എന്ന നിലയിലാണ് ഉള്‍പ്പടുത്തിയിരിക്കുന്നത്. അതേസമയം രണ്ട് സ്‌പിന്നര്‍മാരെ സിഡ്‌നിയില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവസരമൊരുങ്ങും. 

നെസര്‍, അബോട്ട്- ഓള്‍റൗണ്ട് കരുത്ത്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ടെങ്കിലും മിച്ചല്‍ നെസറിനും സീന്‍ അബോട്ടിനും ടെസ്റ്റ് അരങ്ങേറ്റത്തിനാണ് അവസരമൊരുങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ജയിംസ് പാറ്റിന്‍സണ്‍ എന്നീ 'ബിഗ് ഫോര്‍' പേസര്‍മാരുടെ ബാക്ക്‌അപ്പാണ് ഇരുവരും. അബോട്ടിനെ ഓള്‍റൗണ്ടറായും പരിഗണിച്ചേക്കാം. ടാസ്‌മാനിയക്കെതിരെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയിരുന്നു അടുത്തിടെ. ഷെഫീല്‍ഡ് ഷീല്‍ഡിന്‍റെ ആദ്യ പകുതിയില്‍ 14 വിക്കറ്റും പേരിലാക്കി. ടാന്‍‌മാനിയക്കെതിരെ 23 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും സെഞ്ചുറിയും പേരിലാക്കി. മൂന്ന് മത്സരങ്ങളില്‍ 24.40 ശരാശരിയില്‍ ആകെ 10 വിക്കറ്റ് സമ്പാദ്യം. 

പ്രതീക്ഷ പ്രകടിപ്പിച്ച് ഹോണ്‍സ്

ടെസ്റ്റ് ടീമിലേക്ക് യുവതാരങ്ങള്‍ എത്തുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ഗുണകരമായ സൂചനയാണ് എന്നാണ് മുഖ്യ സെലക്‌ടര്‍ ട്രവര്‍ ഹോണ്‍സിന്‍റെ വാക്കുകള്‍. 'കാമറൂണ്‍ ഗ്രീനും വില്‍ പുകോ‌വ്‌സ്‌കിയും വിസ്‌മയ താരങ്ങളാണ്. ഇരുവരുടെയും മികച്ച ഫോമാണ് ടീം സെലക്ഷനിലേക്ക് നയിച്ചത്. അതിശക്തരായ എതിരാളികള്‍ക്കെതിരെ യുവ താരങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നിശ്‌ചിത ഓവര്‍ പരമ്പരയിലും ഇടംപിടിച്ച കാമറോണ്‍ മികച്ച യുവ പ്രതിഭയാണ്. മഹാനായ ഓള്‍റൗണ്ടറായി വളരാനുള്ള കെല്‍പുണ്ട്. അദേഹത്തിന്‍റെ ബാറ്റിംഗ് മാത്രം മതി ടീമിലെടുക്കാന്‍. റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള പുകോവ്‌സ്‌ക്കിയുടെ സീസണിലെ തുടക്കം അവിസ്‌മരണീയമാണ്. ക്രീസിലെ താരത്തിന്‍റെ ക്ഷമ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണ്. രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടിയ താരം മികവ് തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും ഹോണ്‍സ് വ്യക്തമാക്കി. 

ബേണ്‍സിന് അഗ്നി പരീക്ഷ

കഴിഞ്ഞ സീസണില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനും എതിരെ കളിച്ച 12 താരങ്ങളെ നിലനിര്‍ത്തി. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഫോമില്ലായ്‌മ മൂലം കഷ്‌ടപ്പെടുകയാണെങ്കിലും ജോ ബേണ്‍സും ടീമിലുണ്ട്. അഞ്ച് മത്സരങ്ങളില്‍ 57 റണ്‍സ് മാത്രമായിരുന്നു ബേണ്‍സ് നേടിയത്. പരിശീലന മത്സരങ്ങള്‍ക്കുള്ള ഓസീസ് എ സ്‌ക്വാഡിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ടീമിലും ബേണ്‍സിനും പുകോവ്‌സ്‌കിക്കും ഇടമുണ്ട്. ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇലവനെ തീരുമാനിക്കുന്നതില്‍ ഈ മത്സരങ്ങള്‍ നിര്‍ണായകമാകും. 

ടിം പെയ്‌ന്‍ തന്നെ നയിക്കും

ഓസീസ് സ്‌ക്വാഡ്: ടിം പെയ്‌ന്‍(ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്(വൈസ് ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ജോ ബേണ്‍സ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിഡ് ഹെഡ്, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, മിച്ചല്‍ നെസെര്‍, ജയിംസ് പാറ്റിന്‍സണ്‍, വില്‍ പുകോവ്‌സ്‌കി, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌ടണ്‍, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍. 

ഇന്ത്യക്കെതിരായ ഏകദിന-ടി20 ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; അത്ഭുത താരത്തിനും ഇടം!