ടീമില്‍ തുടരാന്‍ പന്തിന് സുപ്രധാന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ടീം ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്‌ത്രി

ഓക്‌ലന്‍ഡ്: കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായി തിളങ്ങുന്ന സാഹചര്യത്തില്‍ യുവതാരം ഋഷഭ് പന്തിന്‍റെ ഭാവിയെന്ത്. വിക്കറ്റ് കീപ്പറായി മടങ്ങിയെത്തണമെങ്കില്‍ പന്തിന് യഥാര്‍ത്ഥ പന്താട്ടം പുറത്തെടുത്തേ മതിയാകൂ. ടീമില്‍ തുടരാന്‍ പന്തിന് സുപ്രധാന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ടീം ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്‌ത്രി. 

പന്ത് മനസുവെച്ചാല്‍...

ഋഷഭ് പന്ത് സ്വാഭാവിക വിക്കറ്റ് കീപ്പറല്ലെന്നും കഠിനപ്രയത്‌നം നടത്തിയേ തീരു എന്നും ശാസ്‌ത്രി പറയുന്നു. എന്നാല്‍ പന്തിന്‍റെ സ്വാഭാവിക ബാറ്റിംഗ് ശൈലിയില്‍ മാറ്റംവരുത്താന്‍ ടീം ഒരുക്കമല്ലെന്നും പരിശീലകന്‍ വ്യക്തമാക്കി. 

'അപകടകാരിയായ കൂറ്റനടിക്കാരന്‍ എന്ന ഖ്യാതി പന്തിനുണ്ട്. അതാണ് പന്ത് ശരിയായി ഉപയോഗിക്കേണ്ടതും. പന്ത് എപ്പോള്‍ ബാറ്റിംഗിന് ഇറങ്ങിയാലും സിക്‌സുകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അവിടെയാണ് തന്‍റെ ഗെയിം പന്ത് ക്യതമായി നടപ്പിലാക്കേണ്ടതും. വിക്കറ്റ് കീപ്പിംഗില്‍ പന്ത് കഠിനപ്രയത്നം നടത്തണം. പന്തൊരു സ്വാഭാവിക വിക്കറ്റ് കീപ്പറല്ല, എന്നാല്‍ ആവശ്യമായ പ്രതിഭ അദേഹത്തിനുണ്ട്. പരിശീലനം നടത്തിയില്ലെങ്കില്‍ അത് നഷ്‌ടപ്പെടും. അത് പന്തിനും ബോധ്യമായിട്ടുണ്ട്. കീപ്പിംഗില്‍ പന്തിപ്പോള്‍ കഠിനപ്രയത്നം നടത്തുന്നതായും' രവി ശാസ്‌ത്രി വ്യക്തമാക്കി. 

പരിശീലകന്‍റെ ജോലി?

എന്താണ് മുഖ്യ പരിശീലകന്‍റെ ചുമതലയെന്നും രവി ശാസ്‌ത്രി മനസുതുറന്നു. 'ഒതു തത്തയുടെ ജോലിയാണ് പരിശീലകന്‍റേത്. ദിവസം തുടങ്ങുമ്പോളും അവസാനിക്കുമ്പോഴും ഒരേ കാര്യം തന്നെ ആവര്‍ത്തിക്കുന്നു. അതാണ് എന്‍റെ ജോലി. എന്താണ് ചെയ്യേണ്ടത് എന്ന് ടീമംഗങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുക. എതിരാളികള്‍ക്ക് തകര്‍ക്കാന്‍ പറ്റാത്ത നിലവാരം അടുത്ത തലമുറയ്‌ക്കായി ഒരുക്കുകയാണ് ടീം ചെയ്യേണ്ടത് എന്ന് ഓര്‍മ്മിപ്പിക്കാറുള്ളതായും' അദേഹം പറഞ്ഞു.