ഓക്‌ലന്‍ഡ്: ഓക്‌ലന്‍ഡ് ട്വന്‍റി20യിൽ യുവതാരം ശ്രേയസ് അയ്യറുടെ ബാറ്റിംഗ് പ്രകടനം ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിന് ആശ്വാസമാകും. നാലാം നമ്പറിനെ കുറിച്ചുള്ള ആശങ്കകള്‍ ഏറെക്കുറെ അവസാനിപ്പിക്കുന്നതാണ് മുംബൈ മലയാളിയുടെ ഇന്നിംഗ്സ്. 

ഓക്‌ലന്‍ഡിൽ ശ്രേയസ് അയ്യറും മനീഷ് പാണ്ഡേയും ഒന്നിക്കുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 40 പന്തില്‍ 62 റൺസ് വേണമായിരുന്നു. മനീഷിനെ ഒരറ്റത്തുനിര്‍ത്തി അടിച്ചുതകര്‍ത്ത ശ്രേയസ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലേക്ക് 48 റൺസ് സംഭാവന ചെയ്തപ്പോള്‍ ഇന്ത്യ ഒരോവര്‍ ബാക്കിനിൽക്കെ ജയത്തിലെത്തി. ബംഗ്ലാദേശിനെതിരെ അതിവേഗ ഇന്നിംഗ്സുകള്‍ക്ക് ശ്രമിച്ച ശേഷം വലിയ പ്രകടനങ്ങള്‍ ഇല്ലാതെ സമ്മര്‍ദത്തിലായിരുന്ന ശ്രേയസിന് ഈ‍ഡന്‍ പാര്‍ക്കിലെ ഇന്നിംഗ്സ് ആത്മവിശ്വാസം നൽകും.

Read more: കോലി, രോഹിത്... അവരാണെന്റെ ഹീറോസ്; മത്സരശേഷം ശ്രേയസ് അയ്യര്‍

ശിഖര്‍ ധവാന്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയാൽ ടീമിലുള്‍പ്പെടുത്തുമെന്ന് വിരാട് കോലി സൂചിപ്പിച്ചതോടെ ലോകകപ്പില്‍ ശ്രേയസ് നാലാമതും കെ എൽ രാഹുല്‍ അഞ്ചാം സ്ഥാനത്തുമുള്ള ബാറ്റിംഗ് ക്രമത്തിന് സാധ്യതയേറുകയാണ്. ഹാര്‍ദിക് പണ്ഡ്യയുടെ ബൗളിംഗ് മികവില്‍ വിശ്വാസം അര്‍പ്പിച്ച് ഓള്‍റൗണ്ടറെ ആറാം നമ്പറിലിറക്കുമോ അതോ മറ്റൊരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാനെ കൂടി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് ഇനിയുയരുന്ന ചോദ്യം.

Read more: ഏറെകാലം ഓര്‍ക്കാവുന്ന നിമിഷങ്ങളായിരുന്നുവത്; ന്യൂസിലന്‍ഡിനെതിരായ ഇന്നിങ്‌സിനെ കുറിച്ച് അയ്യര്‍