ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ ഐതിഹാസിക ഇന്നിങ്‌സിന് ശേഷം ഇഷ്ടപ്പെട്ട ബാറ്റിങ് സ്ഥാനമേതെന്ന് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യര്‍. ഫിനിഷറുടെ റോളില്‍ കളിക്കാനാണ് താല്‍പര്യമെന്ന് അയ്യര്‍ പറഞ്ഞു. ബിസിസിഐ ഒരുക്കിയ ചാഹല്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അയ്യര്‍. ന്യസിലന്‍ഡിനെതിരെ ഇന്ത്യ 203 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ നാലാമനായെത്തിയ അയ്യരായിരുന്നു ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.

തുടര്‍ന്നായിരുന്നു അയ്യരുടെ തുറന്നുപറച്ചില്‍. അദ്ദേഹം തുടര്‍ന്നു... ''എനിക്കിഷ്ടം ഫിനിഷറായി കളിക്കാനാണ്. അവസരം ലഭിക്കുമ്പോഴെല്ലാം വിജയത്തോടെ മത്സരം പൂര്‍ത്തിയാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരില്‍ നിന്ന് പഠിച്ച കാര്യങ്ങളാണ് എനിക്ക് സഹായകമാകുന്നത്.'' അയ്യര്‍ പറഞ്ഞുനിര്‍ത്തി.

ഇന്നലെ 29 പന്തിലാണ് അയ്യര്‍ 58 റണ്‍സെടുത്തത്. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിങ്‌സ്. കെ എല്‍ രാഹുലിന്റെയും (56) അയ്യരുടെയും ഇന്നിങ്‌സിന്റെയും കരുത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്.