ഓക്‌ലന്‍ഡ്: രാജ്യത്തിന് റിപ്പബ്ലിക്ക് ദിന സമ്മാനം നൽകാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.20ന് ഈഡന്‍ പാര്‍ക്കിലാണ് മത്സരം. ഇതേവേദിയിൽ നടന്ന ആദ്യ ട്വന്‍റി 20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

കുല്‍ദീപ് യാദവ്, നവ്‌ദീപ് സൈനി എന്നിവരെ പരീക്ഷിക്കുന്നത് ഇന്ത്യ പരിഗണിച്ചേക്കും. ശാര്‍ദുല്‍ ഠാക്കൂറിന് പകരമാകും സൈനി ടീമിലെത്തുക. വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍ തുടരും. അതേസമയം ആദ്യ മത്സരം തോറ്റതിനാല്‍ ന്യൂസിലന്‍ഡ് കാര്യമായ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല. എന്നാല്‍ ആദ്യ ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ കണ്ടെത്തിയിട്ടും ബൗളര്‍മാര്‍ അടിവാങ്ങിയത് കെയ്‌ന്‍ വില്യംസണ് തലവേദനയാണ്. 

ഇന്ത്യ സാധ്യത ഇലവന്‍

രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, നവ്‌ദീപ് സൈനി, ജസ്‌പ്രീത് ബുമ്ര

ഈഡന്‍ പാര്‍ക്കില്‍ അവസാനം നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ് ജയിച്ചത്. ഓക്‌ലന്‍ഡിലെ രണ്ടാം മത്സരത്തിലും റണ്‍ ഒഴുകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ 50 വിക്കറ്റ് തികയ്‌ക്കുന്ന നാലാം കിവീസ് ബൗളറെന്ന നേട്ടത്തിലെത്തും ഇഷ് സോധി.