ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ടി20യില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ടീം ഇന്ത്യക്ക് അവസാന ഓവറുകളില്‍ തടയിട്ട് ന്യൂസിലന്‍ഡ്. വമ്പന്‍ തുടക്കം ലഭിച്ച ഇന്ത്യ നിശ്‌ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്തു. രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയും(65) കോലിയുടെ 38 റണ്‍സുമാണ് ഇന്ത്യക്ക് തുണയായത്. മധ്യനിരയില്‍ കാര്യമായ കൂട്ടുകെട്ടുകള്‍ പിറക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 

ബെന്നറ്റിന്‍റെ ഓവറില്‍ 27, ത്രസിപ്പിച്ച് രോഹിത്തിന്‍റെ ഫിഫ്റ്റി

ഹാമില്‍ട്ടണില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യക്ക് സ്വപ്‌ന തുടക്കമാണ് രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും നല്‍കിയത്. ബെന്നറ്റിനെ ആറാം ഓവറില്‍ 27 റണ്‍സടിച്ചതോടെ പവര്‍ പ്ലേയില്‍ 69 റണ്‍സ്. ബെന്നറ്റിന്‍റെ അവസാന പന്ത് ഗാലറിയിലേക്ക് പറത്തി ഹിറ്റ്‌മാന്‍ 50 തികച്ചു. വെറും 23 പന്തില്‍ നിന്നായിരുന്നു രോഹിത്തിന്‍റെ ഫിഫ്റ്റി. 

എന്നാല്‍ ഒന്‍പതാം ഓവറില്‍ ഗ്രാന്‍‌ഹോം രാഹുലിനെ മണ്‍റോയുടെ കൈയിലെത്തിച്ചതോടെ കളിമാറി. രാഹുല്‍ നേടിയത് 27 റണ്‍സ്. സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം നമ്പറില്‍ എത്തിയത് ശിവം ദുബെ. ആറാം ഓവറിലെ ഓടിച്ചിട്ടുള്ള അടിക്ക് 11-ാം ഓവറില്‍ ബെന്നറ്റ് പ്രായ്ശ്ചിതം ചെയ്തു. നാലാം പന്തില്‍ രോഹിത് ശര്‍മ്മ സൗത്തിയുടെ കൈകളില്‍. രോഹിത് 40 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 65 റണ്‍സെടുത്തു. മൂന്ന് റണ്‍സുമായി ദുബെ അവസാന പന്തിലും മടങ്ങി. 

കോലി വീര്യം വീണ്ടും, തിരിച്ചടിച്ച് കിവികള്‍

ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയെ കരകയറ്റാന്‍ വിരാട് കോലിയും ശ്രേയസ് അയ്യരും ഒന്നിച്ചു. എന്നാല്‍ ശ്രേയസ് ഇക്കുറി 15 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ഒരറ്റത്ത് നിലയുറപ്പിച്ച കോലി മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ കോലിയെ ബെന്നറ്റ് സൗത്തിയുടെ കൈകളിലെത്തിച്ചു. കോലി നേടിയത് 27 പന്തില്‍ 38 റണ്‍സ്. മനീഷ് പാണ്ഡെ 14 റണ്‍സുമായും രവീന്ദ്ര ജഡേജ 10 റണ്‍സെടുത്തു പുറത്താകാതെ നിന്നു.