ഹാമില്‍ട്ടണ്‍: പരമ്പര ജയം കൊതിച്ചിറങ്ങുന്ന ടീം ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, കിവികള്‍ ബ്ലെയര്‍ ടിക്‌നര്‍ക്ക് പകരം സ്‌കോട്ട് കുഗ്ലെജനെ ഇലവനിലുള്‍പ്പെടുത്തി. 

ഓക്‌ലൻഡിൽ നേടിയ തക‍ർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. രോഹിത് ശർമ്മയുടെ മങ്ങിയ ഫോം മാറ്റിനിർത്തിയാൽ ഇന്ത്യ ഉഗ്രൻഫോമിലാണ്. തകര്‍ത്തടിക്കുന്ന കെ എൽ രാഹുല്‍, നായകന്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ കരുത്ത്. ജസ്പ്രീത് ബുമ്ര നയിക്കുന്ന ബൗളിംഗ്‌നിരയും ഭദ്രം. ന്യൂസിലൻഡിൽ ആദ്യ ട്വന്റി 20 പരമ്പര വിജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്‌പ്രീത് ബുമ്ര

അതേസമയം, അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ കെയ്ൻ വില്യംസണും സംഘത്തിനും ജയം അനിവാര്യമാണ്. റണ്ണൊഴുകുന്ന പിച്ചാണ് സെഡോൺ പാർക്കിലേത്. ഇവിടെ അവസാന അഞ്ച് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം 190ലേറെ റൺസ് സ്‌കോർ ചെയ്തു. നാല് കളിയിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമും.