ദക്ഷിണാഫ്രിക്കയില്‍ എക്കാലവും ഇന്ത്യയെ വിറപ്പിച്ചിട്ടുള്ള പ്രോട്ടീസ് പേസ് നിരയുടെ കരുത്ത് ഇതോടെ ചോരുകയാണ്

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് (South Africa vs India Test Series 2021) മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക് കനത്ത തിരിച്ചടിയായി സ്റ്റാര്‍ പേസറുടെ പരിക്ക്. പരിക്കേറ്റ പേസര്‍ ആന്‍‌റിച്ച് നോര്‍ട്യ (Anrich Nortje) പരമ്പരയില്‍ നിന്ന് പുറത്തായി. എന്നാല്‍ ഏതുതരം പരിക്കാണ് താരത്തിന് സംഭവിച്ചത് എന്ന് വ്യക്തമല്ല. നോര്‍ട്യക്ക് പകരക്കാരനെ ക്രിക്കറ്റ് സൗത്താഫ്രിക്ക (Cricket South Africa) പ്രഖ്യാപിച്ചിട്ടില്ല. 

ദക്ഷിണാഫ്രിക്കയില്‍ എക്കാലവും ഇന്ത്യയെ വിറപ്പിച്ചിട്ടുള്ള പ്രോട്ടീസ് പേസ് നിരയുടെ കരുത്ത് ഇതോടെ ചോരുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള ടീം ഇന്ത്യയുടെ സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. നോര്‍ട്യ പുറത്തായതോടെ കാഗിസോ റബാഡ, ലുങ്ക് എങ്കിഡി പേസ് സഖ്യത്തിന് ജോലിഭാരം കൂടും. ഈ വര്‍ഷം അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 20.76 ശരാശരിയില്‍ 25 വിക്കറ്റ് നോര്‍ട്യ വീഴ്‌ത്തിയിരുന്നു. സ്‌ട്രൈക്ക് റേറ്റ് 37.6 എങ്കില്‍ 3.30 ആണ് ഇക്കോണമി റേറ്റ്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടുന്നു. 56 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. തുടര്‍ച്ചയായി 150 കി.മീ വേഗത്തില്‍ പന്തെറിയാന്‍ 28കാരനായ നോര്‍ട്യക്കാകും. ഐപിഎല്ലില്‍ അടുത്തിടെ ഡല്‍ഹി ക്യാപ്റ്റല്‍സിനായി ആന്‍‌റിച്ച് നോര്‍ട്യ കളിച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ ടീം ഇന്ത്യക്ക് മേല്‍ വന്‍ മേധാവിത്വമാണ് പ്രോട്ടീസിനുള്ളത്. ഇന്ത്യക്ക് ഇതുവരെ മഴവില്‍ രാഷ്‌ട്രത്തില്‍ ടെസ്റ്റ് പരമ്പര ജയിക്കാനായിട്ടില്ല. ടീം ഇന്ത്യ 1992/93 സീസണ്‍ മുതലിങ്ങോട്ട് ഏഴ് തവണ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു. 

Scroll to load tweet…

സെഞ്ചൂറിയനിൽ ഡിസംബര്‍ 26ന് ബോക്‌സിംഗ് ഡേയിലാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റിന് തുടക്കമാവുക. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് ജൊഹാനസ്ബ‍ർഗിലും മൂന്നാം ടെസ്റ്റ് ജനുവരി പതിനൊന്നിന് കേപ് ടൗണിലും തുടങ്ങും. പര്യടനത്തിനായി ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.

ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്

ഡീന്‍ എള്‍ഗാര്‍(ക്യാപ്റ്റന്‍), തെംബ ബവൂമ(വൈസ് ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കാഗിസോ റബാഡ, സരെല്‍ ഇര്‍വീ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുങ്കി എങ്കിഡി, എയ്‌ഡന്‍ മാര്‍ക്രം, വയാന്‍ മുള്‍ഡര്‍, കീഗന്‍ പീറ്റേര്‍സണ്‍, റാസീ വാന്‍ഡെര്‍ ഡസ്സന്‍, കെയ്‌ല്‍ വെരെയ്‌ന്‍, മാര്‍കോ ജാന്‍സന്‍, ഗ്ലെന്‍ടണ്‍ സ്റ്റര്‍മാന്‍, പ്രണേളന്‍ സുബ്രായന്‍, സിസാണ്ടാ മഗാള, റയാന്‍ റിക്കെല്‍ടണ്‍, ഡ്വെയ്‌ന്‍ ഒളിവര്‍. 

South Africa vs India : ചരിത്രം വഴിമാറും, ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സുവര്‍ണാവസരം: സഹീര്‍