2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ (India Tour of South Africa 2021-22) കന്നി ടെസ്റ്റ് പരമ്പര (Test Series) സ്വന്തമാക്കാന്‍ ടീം ഇന്ത്യക്കുള്ള (Team India) സുവ‍ര്‍ണാവസരമാണ് ഇത്തവണത്തെ പര്യടനമെന്ന് മുന്‍ പേസര്‍ സഹീര്‍ ഖാനും ( Zaheer Khan). സമാന അഭിപ്രായം മുന്‍ സെലക്‌ടര്‍ സാബാ കരീം (Saba Karim) നേരത്തെ പങ്കുവെച്ചിരുന്നു. പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിത്തരുമെന്ന് ചേതേശ്വര്‍ പൂജാരയും (Cheteshwar Pujara) ശുഭപ്രതീക്ഷ വ്യക്തമാക്കിയിരുന്നു. നാല് പര്യടനങ്ങളിലായി ദക്ഷിണാഫ്രിക്കയില്‍ എട്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സഹീര്‍ 30 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. 

പൂജാരയുടെ വാക്കുകള്‍

'എപ്പോഴൊക്കെ വിദേശത്ത് കളിച്ചോ അപ്പോഴെല്ലാം നമ്മുടെ പേസ് ബൗളര്‍മാരായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യന്‍ ബൗളിംഗ് യൂണിറ്റ് മികച്ച പ്രകടനം കാഴ്‌ചവെച്ചു. ദക്ഷിണാഫ്രിക്കയിലും ഈ മികവുണ്ടാകുമെന്നുറപ്പ്. ഫാസ്റ്റ് ബൗളര്‍മാരാണ് നമ്മുടെ കരുത്ത്. പിച്ചിന്‍റെ ആനുകൂല്യം മുതലാക്കി എല്ലാ ടെസ്റ്റിലും 20 വിക്കറ്റും അവര്‍ പിഴുതെറിയും എന്നാണ് പ്രതീക്ഷ'. 

സാബാ കരീം പറഞ്ഞത്

'ടെസ്റ്റ് പരമ്പര 2-0നോ 2-1നോ ഇന്ത്യ നേടും. ഓസ്‌ട്രേലിയയില്‍ തെളിയിക്കപ്പെട്ട ബഞ്ചിലെ കരുത്ത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. അഞ്ചോ ആറോ സ്ഥിരം താരങ്ങളില്ലാതെയാണ് നാലാം ടെസ്റ്റ് വിജയിച്ചത്. റിസര്‍വ് താരങ്ങളിലെ കരുത്ത് ഇത് കാട്ടുന്നു. ഈ ശക്തിപ്രകടനം ദക്ഷിണാഫ്രിക്കയിലും പ്രതീക്ഷിക്കുന്നു. പരിചയസമ്പത്തുള്ള സ്‌ക്വാഡാണ് എന്നതിനാല്‍ പരമ്പര നേടാനുള്ള സുവര്‍ണാവസരമാണിത്. പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളും ഒപ്പമുണ്ട്'.

ദക്ഷിണാഫ്രിക്ക എന്ന ബാലികേറാമല

ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനാവാത്ത ബാലികേറാമലയാണ് ദക്ഷിണാഫ്രിക്ക. 1992/93 സീസണ്‍ മുതലിങ്ങോട്ട് ഏഴ് തവണ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു. 

South Africa vs India : ഔദ്യോഗിക തീരുമാനമെത്തി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കാണികളില്ലാതെ

തയ്യാറെടുപ്പ് തുടങ്ങി ഇന്ത്യ 

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 26ന് ബോക്‌സിംഗ് ഡേയിലാണ് ആദ്യ ടെസ്റ്റിന് തുടക്കമാവുക. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

Hardik Pandya Fitness : ഹര്‍ദിക് പാണ്ഡ്യ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക്; വിന്‍ഡീസ് പരമ്പരയിലും കളിക്കില്ല?